
സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് പുരസ്‌കാരമെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു.

നൊബേല്‍ കമ്മിറ്റിയിലേക്ക് ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടുന്ന 338 നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.

സമാധാന നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പരസ്യമായി പറഞ്ഞെങ്കിലും കമ്മിറ്റി വെനിസ്വേലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വ്യാവസായിക എഞ്ചിനീയറാണ് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോ.
‘ഒരുകാലത്ത് ആഴത്തില്‍ വിഭജിക്കപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ പ്രതിപക്ഷത്തിലെ പ്രധാന, ഏകീകൃത വ്യക്തി. സ്വതന്ത്ര തെരഞ്ഞെടുപ്പുകള്‍ക്കും പ്രതിനിധി സര്‍ക്കാരിനുമുള്ള ആവശ്യത്തില്‍ പൊതുവായ അടിത്തറ കണ്ടെത്തിയ ഒരു പ്രതിപക്ഷം’ – മച്ചാഡോയെ പ്രശംസിച്ച് നൊബേല്‍ കമ്മിറ്റി ചെയര്‍മാനായ ജോര്‍ജന്‍ വാട്‌നെ ഫ്രൈഡ്‌നെസ് പറഞ്ഞു.
നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ചംഗ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ ചെയര്‍മാനായ ജോര്‍ഗന്‍ വാട്‌നെ ഫ്രൈഡ്‌നെസ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. മനുഷ്യാവകാശ അഭിഭാഷകന്‍ ജോര്‍ഗന്‍ വാട്‌നെ ഫ്രൈഡ്‌നെസ്, വിദേശനയ പണ്ഡിതന്‍ ആസ്ലെ ടോജെ, മുന്‍ ആക്ടിങ് പ്രധാനമന്ത്രി ആനി എംഗര്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി ക്രിസ്റ്റിന്‍ ക്ലെമെറ്റ്, മുന്‍ വിദേശകാര്യ സെക്രട്ടറി ഗ്രി ലാര്‍സന്‍.

