
ദോഹ: നോര്‍ക്ക കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു. വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ഉപേക്ഷിച്ച് നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ ആരോഗ്യസുരക്ഷയെയും സാമ്പത്തിക താത്പര്യങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ആശങ്കകള്‍ക്ക് പരിഹാരം ഉറപ്പാക്കണം.

ആവശ്യമായ പഠനങ്ങളും മുന്നൊരുക്കങ്ങളും സമഗ്രമായ ആസൂത്രണവും ഉറപ്പാക്കാതെ മുന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയതാണോ നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന കാര്യം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വ്യക്തമായ നയവും സുതാര്യമായ നടപടിക്രമങ്ങളും ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഉറപ്പുകളും അനിവാര്യമാണ്.

ഈ വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനായി ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തിവരികയാണെന്നും ഇന്‍കാസ് ഖത്തര്‍ നേതൃത്വം അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം സംബന്ധിച്ച് പ്രവാസികള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുകയും അവരുടെ ആരോഗ്യപരിരക്ഷയും സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുകയും വേണം. പ്രവാസികളുടെ ആശങ്കകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
പ്രവാസികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും ആരോഗ്യസുരക്ഷയ്ക്കുമായി ശക്തമായി നിലകൊള്ളാനും അവരുടെ ആശങ്കകള്‍ക്ക് പരിഹാരം ലഭിക്കുന്നതുവരെ ആവശ്യമായ ഇടപെടലുകള്‍ തുടരാനും ഇന്‍കാസ് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

