Connect with us

Community

ഹജ്ജ് മെഗാ കോണ്‍ഫറന്‍സിലേക്ക് ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം

Published

on


കോഴിക്കോട്/ ജിദ്ദ: ജിദ്ദയില്‍ നടന്ന ആഗോള അറബി ഭാഷാ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂരിന് വീണ്ടും സൗദിയിലേക്ക് ക്ഷണം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം സൗദി ഹജ്ജ് ഉംറ മന്ത്രാലയം നടത്തുന്ന മെഗാ ഹജ്ജ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്.

ജനുവരി 13 തിങ്കളാഴ്ച മുതല്‍ 16 വ്യാഴാഴ്ച വരെ നാല് ദിവസങ്ങളില്‍ ജിദ്ദയിലെ സൂപര്‍ഡോം ഇവന്റ് സെന്ററിലെ വിവിധ വേദികളില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ നൂറ്റി മുപ്പത് വിദഗ്ധര്‍ സംസാരിക്കും.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരും അംബാസിഡര്‍മാരും ഹജ്ജ് വകുപ്പ് മേധാവികളും മതപണ്ഡിതന്മാരും പങ്കെടുക്കും. ഹജ്ജ് സംഗമം കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളുമാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഹജ്ജുമായി ബന്ധപ്പെട്ട മുന്നൂറോളം വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. മക്കാ ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സൗദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

സമ്മേളത്തോടനുബന്ധിച്ച് അമ്പതിനായിരം ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഒരുക്കുന്ന ഹജ്ജ് പ്രദര്‍ശനം ഒരു ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിക്കുമെന്ന് കണക്കാക്കപ്പെടുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡോ. ഹുസൈന്‍ മടവൂര്‍ നാളെ പുറപ്പെടും.


error: Content is protected !!