
ദോഹ: റമീസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി ഇരട്ട വേഷത്തില്‍ അഭിനയിച്ച ഒറിജിനല്‍ സിനിമയുടെ ഗള്‍ഫ് റിലീസിന്റേയും പ്രമോഷന്റേയും ഭാഗമായി സംവിധായകനും അഭിനേതാക്കളും ദോഹയിലെത്തി. സംവിധായകന് റമീസ് മുഹമ്മദ്, നായകന് ശ്രീനാഥ് ഭാസി, ്അഭിനേതാക്കളായ ബിനു പപ്പു, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് ഖത്തറിലെത്തിയത്.

ഏറെ പ്രതിസന്ധിയും പ്രയാസവും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഓറിജിനല്‍ ചിത്രീകരണം മുമ്പോട്ടു കൊണ്ടുപോയതെന്ന് സംവിധായകന് റമീസ് മുഹമ്മദ് പറഞ്ഞു. നായകന്റെ ഇരട്ടവേഷത്തിലുള്ള കഥാപാത്രങ്ങളെ സ്ക്രീനിലേക്കു കൊണ്ടുവരികയെന്നത് വലിയ പ്രതിസന്ധിയായിരുന്നു. എങ്കിലും അതിനെ വിജയത്തിലേക്കെത്തിച്ചത് നായകനായ ശ്രീനാഥ് ഭാസിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒറിജിനല്‍ സിനിമ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ വ്യത്യസ്തത ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറിജിനല്‍ കാണണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയും സംവിധായകനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റിജിന്‍ എന്ന പ്രധാന കഥാപാത്രം ടൈം ട്രാവല്‍ നടത്തി തന്റെ ഭൂതകാലത്തിലും ഭാവി കാലത്തിലും മാറ്റമുണ്ടാക്കി ജീവിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരാള്‍ തന്റെ തലവര മാറ്റാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പേരുടെ ജീവിതത്തെയാണ് അത് ബാധിക്കുന്നത്. ശ്രീനാഥ് ഭാസിക്കു പുറമേ രാജേഷ് മാധവനും ഒറിജിനലില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സ്കൈ മീഡിയ മാനേജിംഗ് ഡയറക്ടര്‍ പ്രേം സിങും പങ്കെടുത്തു.

