ലോക നഗരദിനം: സുസ്ഥിര നഗരവികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഖത്തറിന്റെ പുതിയ ചുവടുവെപ്പുകള്‍

Web Desk
5 Min Read

ദോഹ: അതിവേഗ നഗരവത്ക്കരണവും വര്‍ധിച്ചുവരുന്ന ഭവന ആവശ്യങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജനകേന്ദ്രിതവും സുസ്ഥിരവുമായ നഗരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ശക്തമാക്കുന്നു. ഒക്ടോബര്‍ 31-ന് ആചരിക്കുന്ന ലോക നഗരദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ ‘നഗരങ്ങളുടെ പുനരുജ്ജീവനം: എല്ലാവര്‍ക്കും മതിയായ ഭവനം’ എന്ന ആശയം നഗരങ്ങളുടെ നവീകരണം, എല്ലാവര്‍ക്കും അനുയോജ്യമായ പാര്‍പ്പിട സൗകര്യം, സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സുസ്ഥിര നഗരങ്ങള്‍ എന്നിവയുടെ പ്രാധാന്യമാണ് ഉയര്‍ത്തിക്കാട്ടുന്നത്.

city exchange

ഖത്തറിന്റെ സമഗ്ര വികസന പദ്ധതിയില്‍ നഗരവികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിര്‍ണായക സ്ഥാനമാണുള്ളത്. ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ലക്ഷ്യങ്ങള്‍ക്കും സുസ്ഥിര വികസന നയങ്ങള്‍ക്കും അനുസൃതമായി നിലവിലുള്ള താമസമേഖലകള്‍ നവീകരിക്കുക, പുതിയ ജനവാസ കേന്ദ്രങ്ങള്‍ വികസിപ്പിക്കുക, റോഡ് ശൃംഖല വിപുലീകരിക്കുക, പൊതുസേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്.

ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗലിലെ പ്രോജക്ട്സ് അഫയേഴ്സ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഖാലിദ് സൈഫ് അല്‍ ഖയാരീന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ താമസമേഖലകളുടെ മുഖച്ഛായ മാറ്റുന്നതിലും ഗതാഗത ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സുരക്ഷിതവും താമസയോഗ്യവുമായ ജനവാസ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിലും അഷ്ഗലിന്റെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യു എന്‍ എ) നല്‍കിയ അഭിമുഖത്തില്‍, പുതിയ താമസമേഖലകളുടെ വികസനത്തിനൊപ്പം നിലവിലുള്ള ജനവാസ കേന്ദ്രങ്ങളുടെ നവീകരണവും അഷ്ഗല്‍ ഏറ്റെടുത്തുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. നഗരവികസനത്തിന്റെ വേഗത്തിനനുസരിച്ച് മുന്നേറാനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്ന സംയോജിത അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

- Advertisement -
Ad image

പ്രാദേശിക റോഡുകള്‍, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍, തെരുവുവിളക്കുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പ്രത്യേക പാതകള്‍ എന്നിവ പദ്ധതികളുടെ ഭാഗമാണ്. ഇതിലൂടെ താമസമേഖലകളിലെ സുരക്ഷയും യാത്രാസൗകര്യവും വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രധാന റോഡുകളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന കേന്ദ്രങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടുത്താനാകും.

ഭവനസൗകര്യങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളും അവശ്യ പൊതുസേവനങ്ങളും ഉറപ്പാക്കുമ്പോഴാണ് സുസ്ഥിര ജനവാസ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് അല്‍ ഖയാരീന്‍ പറഞ്ഞു. താമസസൗകര്യം ഒരുക്കുന്നതില്‍ മാത്രം നഗരവികസനം ഒതുങ്ങരുത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കി ജീവിതനിലവാരം ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരന്മാര്‍ക്കായി അനുവദിച്ച താമസപ്ലോട്ടുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിലവിലുള്ളതും പുതുതായി വികസിച്ചുവരുന്നതുമായ ജനവാസ മേഖലകള്‍ നവീകരിക്കുന്നതിനുമായി നിരവധി റോഡ്, അടിസ്ഥാന സൗകര്യ പദ്ധതികള്‍ അഷ്ഗല്‍ നടപ്പാക്കിവരികയാണ്.

വെസ്റ്റ് ഉമ്മുസലാല്‍, അല്‍ ഈബ്, അല്‍ തുമാമ, അല്‍ വഅബ്, അല്‍ മെഷാഫ്, അല്‍ മഅ്മൂറ, സൗത്ത് വെസ്റ്റ് മുവൈഥര്‍, അല്‍ ഖറൈതിയാത്ത്, റൗദത്ത് അല്‍ ഹമാമ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പദ്ധതികള്‍ പുരോഗമിക്കുന്നത്.

റോഡ് ശൃംഖല വിപുലീകരിക്കുകയും നവീകരിക്കുകയും പ്രധാന റോഡുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, പൊതുസേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുക, താമസമേഖലകളുടെ സൗന്ദര്യം മെച്ചപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. ഭാവിയിലെ ജനസംഖ്യാ വര്‍ധനയും നഗരവികസനവും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സുരക്ഷിതവും സുസ്ഥിരവുമായ ജനവാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികള്‍ സഹായകമാകും.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും പരിസ്ഥിതി സംരക്ഷണത്തിനും അഷ്ഗല്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. രൂപകല്‍പന മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി സൗഹൃദ സമീപനമാണ് സ്വീകരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, നിര്‍മാണ മാലിന്യങ്ങളുടെ കുറവ്, കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം, പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കല്‍ എന്നിവയ്ക്കായി നൂതന സാങ്കേതികവിദ്യകളും ആധുനിക രീതികളും പ്രയോജനപ്പെടുത്തുന്നതായി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഖയാരീന്‍ പറഞ്ഞു.

അഷ്ഗലിന്റെ പദ്ധതികളില്‍ ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളില്‍ 75 ശതമാനത്തിലധികവും പ്രാദേശികമായി ലഭ്യമാക്കുന്നവയാണ്. ഇത് ഖത്തറിലെ ആഭ്യന്തര വ്യവസായ മേഖലയ്ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന മണ്ണ്, കോണ്‍ക്രീറ്റ്, അസ്ഫാല്‍റ്റ് തുടങ്ങിയവ പുനരുപയോഗിക്കുകയും പുനഃചംക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഉപയോഗിച്ച ഉപകരണങ്ങളും റോഡ് അടയാളങ്ങളും പുനരുപയോഗിക്കുന്നതിനും നടപടികളുണ്ട്. ഓഫീസുകളിലും നിര്‍മാണ സ്ഥലങ്ങളിലും ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൗരോര്‍ജം ഉപയോഗിക്കുന്നതും പരിസ്ഥിതി ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

ജലസംരക്ഷണത്തിനും കാര്യക്ഷമമായ ജലവിനിയോഗത്തിനും പദ്ധതികളില്‍ പ്രത്യേക പ്രാധാന്യമുണ്ട്. മഴവെള്ളം ഒഴുക്കിക്കളയുന്നതിനും ശേഖരിക്കുന്നതിനുമുള്ള ശൃംഖലകള്‍ വിപുലീകരിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പമ്പിങ് സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുമ്പോള്‍ ലഭിക്കുന്ന ജലം മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതും വിഭവങ്ങളുടെ പാഴാക്കല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അഷ്ഗല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. സുരക്ഷിതമായ നടപ്പാതകള്‍, റോഡ് മുറിച്ചുകടക്കുന്നതിനുള്ള സംവിധാനങ്ങള്‍, സൈക്കിള്‍ യാത്രക്കാര്‍ക്കായുള്ള പ്രത്യേക പാതകള്‍, നടപ്പാതകളുടെ നവീകരണം, ഹരിതാഭമായ തുറസ്സായ ഇടങ്ങള്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസൗകര്യങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും താമസമേഖലകളെ സമീപപ്രദേശങ്ങളിലെ സേവനകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതവും എല്ലാവര്‍ക്കും പ്രാപ്യവും പരിസ്ഥിതി സൗഹൃദവുമായ ജനവാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും നിലവിലുള്ളതും വരുംതലമുറയിലുമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് അഷ്ഗലിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 30-ലധികം റോഡ്, അടിസ്ഥാന സൗകര്യ പദ്ധതികള്‍ ടെന്‍ഡര്‍ നടപടികള്‍ക്കായി തയ്യാറാക്കിവരികയാണ്. പൗരന്മാര്‍ക്ക് അനുവദിച്ച പുതിയ താമസഭൂമികളില്‍ ഏകദേശം 33,000 പ്ലോട്ടുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

പുതിയ പദ്ധതികള്‍ക്ക് പുറമെ നിലവില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും കാലതാമസം നേരിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. റോഡ് ശൃംഖലകള്‍, മലിനജല നിര്‍മാര്‍ജന സംവിധാനങ്ങള്‍, മഴവെള്ള നിര്‍മാര്‍ജന ശൃംഖലകള്‍ എന്നിവയുടെ നവീകരണവും ഇതോടൊപ്പം പുരോഗമിക്കുന്നു. ഖത്തറിലെ തുടര്‍ച്ചയായ നഗരവികസനവും ജനസംഖ്യാ വര്‍ധനയും കണക്കിലെടുത്ത് പുതിയതും പഴയതുമായ താമസമേഖലകളില്‍ സംയോജിത അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വികസന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും സേവനദാതാക്കളുമായും ഏകോപനം ശക്തമാക്കാനും അഷ്ഗല്‍ പദ്ധതിയിടുന്നുണ്ട്. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ പൊതുവായ നഗരാസൂത്രണ, വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സ്മാര്‍ട്ട് ഡിജിറ്റല്‍ സംവിധാനങ്ങളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെയും ഉപയോഗം വിപുലീകരിക്കുന്നതിനും നടപടി സ്വീകരിക്കും.

ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ഭാഗമായി രാജ്യത്ത് പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക, പൊതുസേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടുള്ള വിശാലമായ വികസന പദ്ധതികളുടെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!