

തിരുവനന്തപുരം: എന്‍ ആര്‍ ഐ കൗണ്‍സില്‍ ഭാരവാഹികള്‍ കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു ഓണാശംസകള്‍ നേര്‍ന്നു.

മലയാളികളുടെ പൈതൃകമായ സംസ്‌ക്കാരവും സാമൂഹ്യ പ്രതിബദ്ധതയും സമത്വ ഭാവനയും മെച്ചപ്പെടുത്തുന്ന ഓണം നാളുകള്‍ ഐക്യത്തിന്റേയും മതാതീയ ദര്‍ശനങ്ങളുടെയും മനുഷ്യസ്‌നേഹത്തിന്റെയും മുഹൂര്‍ത്തങ്ങളാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.


ഉത്സവ സീസണുകളില്‍ നിയന്ത്രണങ്ങളില്ലാതെ വിമാന ക്കമ്പനികള്‍ അമിതമായി ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കാമെന്നു
എന്‍ ആര്‍ ഐ കൗണ്‍സില്‍ നല്‍കിയ നിവേദനം സ്വീകരിച്ചു ഗവര്‍ണര്‍ മറുപടി പറഞ്ഞു. നിര്‍ദ്ദിഷ്ട ദേശീയ പുരധിവാസ കമീഷന്‍ കാലതാമസം കൂടാതെ പ്രവര്‍ത്തി പഥത്തിലെത്തിക്കാനും ശുപാര്‍ശ ചെയ്യുമെന്നു ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കി.

കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് ഓണസന്ദേശം കൈമാറി ഗവര്‍ണ്ണറെ പൊന്നാട അണിയിച്ചു. കൗണ്‍സില്‍ ഖത്തര്‍ റീജിയന്‍ ചെയര്‍മാന്‍ നാസര്‍ കറുകപ്പാടം, യു എ ഇ റീജിയന്‍ ചെയര്‍മാന്‍ ശശികുമാര്‍ ആര്‍ നായര്‍, കേരള ഘടകം വൈസ് ചെയര്‍മാന്‍ അന്‍വര്‍ നിഹാന എന്നിവര്‍ ഓണസമ്മാനങ്ങള്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു.

