

ദോഹ: ജനപ്രിയ നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.


മുന്നൂറോളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ സൗജന്യ രക്തപരിശോധന, ഡോക്ടർ കൺസൾട്ടേഷൻ, ദന്ത പരിശോധന എന്നിവ ഉണ്ടായിരുന്നു. സ്വന്തം ജീവിതം പൊതുജന സേവനത്തിനായി ഉഴിഞ്ഞുവെച്ച, പാവപ്പെട്ട ജനതയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തെ ഓർക്കുന്ന ഈ ദിനത്തിൽ പ്രവാസി കുടുംബങ്ങൾക്കായ് ഇത്രയും മനോഹരമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ പറഞ്ഞു. ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.

പ്രവാസികളിൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിൽ നാം സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രീതംകുമാർ ഫ്രാൻസിസ് ആരോഗ്യ ബോധവൽക്കരണം നടത്തി.
ഖത്തർ ഇൻകാസ് നേതാക്കളായ കെ കെ ഉസ്മാൻ, ജോപ്പച്ചൻ, സിദ്ധിഖ് പുറായിൽ, ഹൈദർ ചുങ്കത്തറ, ഷാനവാസ് ഷെറാട്ടൺ, അബ്ബാസ് സി വി, ആരിഫ് പയന്തോങ്, ഐസിബിഎഫ് മാനേജ്കമ്മിറ്റി അംഗം റഊഫ് കൊണ്ടോട്ടി, ഇൻകാസ് കണ്ണൂർ പ്രസിഡൻ്റ് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി പിയാസ് മേച്ചേരി, നേതാക്കന്മാരായ സഞ്ജയ്, സന്തോഷ്, സുനിൽ കുമാർ, കെ എം സി സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ആതിഖ്, ട്രഷറർ അജ്മൽ തേങ്ങലക്കണ്ടി, വനിതാവിങ് ജില്ലാ പ്രസിഡൻ്റ് സ്നേഹ സരിൻ എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, നിയോജകമണ്ഡലം ഭാരവാഹികൾ, വനിതാ വിങ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.

