

സലാല: പള്ളിയില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒമാനി പൗരന്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീന്‍ (56) ആണ് സലാലയിലെ സാദായിലുള്ള ഖദീജ മസ്ജിദില്‍ വെടിയേറ്റ് മരിച്ചത്.

രാവിലെ പത്തു മണിയോടെ പതിവ് ദുഹാ നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയ മൊയ്തീന്‍ കൊല്ലപ്പെടുകയായിരുന്നു. സമീപത്തു നിന്നും വലിയ തോക്കും കണ്ടെത്തിയിരുന്നു. മൊയ്തീനു പിന്നാലെ പള്ളിയില്‍ നമസ്‌ക്കരിക്കാനെത്തിയ ആളാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പള്ളിയിലെ നമസ്‌ക്കാരം നിര്‍ത്തിവെച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുകാലമായി സലാലയിലുള്ള മൊയ്തീന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.

