സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണം

Web Desk
2 Min Read

കൊച്ചി: സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനേതിരെ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി. ഇത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന് 2024ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കാത്തതിനേതുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് വിധി.

city exchange

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം ആവശ്യമാണെന്ന് വിധിയുടെ പകര്‍പ്പുമായെത്തിയ കേരളാ എലിവേറ്റേര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (കീമ) ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാങ്കേതികമായി രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചല്ല ഇത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനമെന്ന് കീമ പ്രസിഡന്റ് നാരായണ മേനോന്‍, സെക്രട്ടറി ശ്രീകുമാര്‍ സി ബി എന്നിവര്‍ എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ ലിഫ്റ്റുകളെ പോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അനുബന്ധ സംവിധാനങ്ങളില്ല. പിറ്റിന്റെ ആഴം, ഓവര്‍ഹൈഡ് ഉയരം, ലാന്‍ഡിംഗ് തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങളും വാക്വം ലിഫ്റ്റുകള്‍ പാലിക്കുന്നില്ല. ലിഫ്റ്റുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെയോ ഇലക്ട്രിക്കല്‍ ഇന്‍സ്പടറേറ്റിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും കീമ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

മുഖ്യധാരാ മാധ്യമങ്ങളെ ഒഴിവാക്കി സമൂഹ മാധ്യമങ്ങളിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അനധികൃത ഇടപാട് നടത്തുന്നത്. സാങ്കേതിക തകരാറു മൂലം പല തവണ അപകടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നിയമപരമായ യാതൊരു പരിരക്ഷയും ലഭിക്കാത്തതുകൊണ്ട് മൂടിവയ്ക്കപ്പെടുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു കമ്പനിയാണ് നിര്‍മാണവും വില്‍പ്പനയും നടത്തുന്നത്. അനുമതിയില്ലാഞ്ഞിട്ടുപോലും കേരളത്തിലെ ചില മാളുകളില്‍ ഇവരുടെ ലിഫ്റ്റുകള്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഡെമോ മോഡലുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിയമനടപടിയിലൂടെ തടയിട്ടതാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും കച്ചവടവും നിര്‍ബാധം തുടരുകയാണ്. 2024ലെ വിധിയെ തുടര്‍ന്ന് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന പൊതുനിര്‍ദ്ദേശം നല്‍കിയതല്ലാതെ ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കാനോ നടപടിയെടുക്കാനോ ഇലക്ട്രിക്കല്‍ ഇന്‍സപെക്ടറേറ്റ് തയാറായില്ല.

- Advertisement -
Ad image

കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൊച്ചിയില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കീമ ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം, ലിഫ്റ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നുണ്ട്. ഒന്നര മീറ്ററിലേറെ ഉയരത്തിലേയ്ക്ക് ആളുകളെ വഹിച്ചു കൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ലൈസന്‍സും ആവശ്യമാണ്. എന്നാല്‍ ഇത്തരം അനുമതികള്‍ ഇല്ലാത്തതിനാല്‍ വാക്വം ലിഫ്റ്റുകള്‍ക്ക് സാധാരണയായി ഇന്‍ഷുറന്‍സ് സംരക്ഷണവും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ ഇത്തരം അനധികൃത ലിഫ്റ്റുകളില്‍ ഉണ്ടാകുന്ന അപായങ്ങള്‍ക്ക് യാതൊരു പരിരക്ഷയും ലഭിക്കില്ല. ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ ഇത്തരം അനധികൃത ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടപടി സ്വീകരിക്കണമെന്നും കീമ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 26 ലിഫ്റ്റ്/ എലിവേറ്റര്‍ നിര്‍മാതാക്കാള്‍ അംഗങ്ങളായ സംഘടനയാണ് കീമ.

വാര്‍ത്താസമ്മേളനത്തില്‍ കീമ പ്രസിഡന്റ് നാരായണ മേനോന്‍, സെക്രട്ടറി ശ്രീകുമാര്‍ സി ബി, ട്രഷറര്‍ ഷംസുദ്ദീന്‍ എന്‍ എം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രജീഷ് രാജ് ആര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!