

കൊണ്ടോട്ടി: പരിജ്ഞാനമില്ലാത്ത പരിശീലകരും തൊണ്ടതൊടാതെ വിഴുങ്ങുന്ന ആസ്വാദകരും മാപ്പിള കലകളെ നശിപ്പിക്കുന്ന വര്‍ത്തമാന കാലത്ത് അത് സുരക്ഷിതമാക്കി നിലനിര്‍ത്താനും വിധികര്‍ത്താക്കള്‍ക്ക് കൃത്യമായ അവബോധം നല്‍കുവാനും കെ എ ടി എഫ് കാണിച്ച പരിശ്രമം അഭിനന്ദനീയമാണെന്ന് ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു. മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കലാ വിങ്ങും വൈദ്യര്‍ അക്കാദമിയും സംയുക്തമായി അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ ദ്വിദിന മാപ്പിള കലാ ശില്പശാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി ടി ഫാത്തിമത്തു സുഹറാബി മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് കോപ്പിലാന്‍, ബഷീര്‍ ചുങ്കത്തറ, എം ടി സൈനുല്‍ ആബിദീന്‍, മുഹമ്മദ് അഷ്‌റഫ് കെ, എം പി ഫസല്‍, സലീം മഠത്തില്‍, ശലബി അഹ്മദ്, മുഹമ്മദ് റാഫി, അബ്ദുല്‍ റഹീം, സലിം കിഴിശേരി എന്നിവര്‍ പ്രസംഗിച്ചു.

ശില്പശാലയുടെ വിവിധ സെഷനുകളില്‍ ഫൈസല്‍ കന്മനം (ഒപ്പന), കബീര്‍ നല്ലളം (വട്ടപ്പാട്ട്), കോയ കാപ്പാട് (ദഫ്, അറബന), മുഹമ്മദലി മിഷ്‌കാത്തി, റസിയ കൊട്ടുക്കര, എം ടി അബ്ദുല്‍ റഷീദ് (അറബി കലോത്സവം), സലിം എടരിക്കോട് (കോല്‍ക്കളി), ഫൈസല്‍ എളേറ്റില്‍ (മാപ്പിളപ്പാട്ട്) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
കലാ വിങ്ങ് കണ്‍വീനര്‍ ഒ എം യഹ്യാ ഖാന്‍ സ്വാഗതവും ലത്തീഫ് മംഗലശേരി നന്ദിയും പറഞ്ഞു.

