നവതി പിന്നിട്ട് പൈങ്ങോട്ടായിയുടെ ഇതിഹാസകാരന്‍

Web Desk
4 Min Read

നാടിന്റെ നവോഥാന വഴികളില്‍ പ്രശോഭിതരായ അനേകം മഹത്തുക്കളുണ്ട്. ചിലരുടെ ആഗമനം പോലും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പുരോഗമന ചിന്തയുടെയും സ്ഫുരണങ്ങളായി മാറി. ചരിത്രത്തിന്റെ തങ്കലിപികളില്‍ കുറിക്കപ്പെട്ട നിരവധി നായകരുണ്ട് നമുക്ക്. എന്നാല്‍ ഈ വഴിത്താരകളെ ധന്യമാക്കിയ നിസ്വാര്‍ഥരായ അനേകം പേരുടെ കഥകള്‍ ഏറെയറിയപ്പെടാതെ രേഖപ്പെടുത്തലുകളേതുമില്ലാതെ കടന്നു പോവുകയാണ്.

city exchange

കേരളത്തിന്റെ മത- സാംസ്‌കാരിക ജാഗരണങ്ങളില്‍ ചിലരുടെ ഇടപെടലുകള്‍ പോലെ ചില നാടുകളും ഭാഗവാക്കായിട്ടുണ്ട്. അത് പ്രസിദ്ധമോ അപ്രസിദ്ധമോ ആവാം. നാട്ടിന്‍പുറമാവാം നഗരമാവാം.

വടക്കേ മലബാറില്‍ മതനവീകരണത്തിന്റെയും സാംസ്‌കാരികോഥാനത്തിന്റെയും പാതയില്‍ ഏറെ ചരിത്രം പേറുന്ന നാടുകളാണ് കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയും പൈങ്ങോട്ടായിയും. ആത്മീയതയുടെയും ഭൗതികതയുടെയും സരണികളില്‍ ഈ നാട്ടുകാരുടെ പുരാണങ്ങള്‍ വിടുവായത്തമല്ല. കെ കെ ജമാലുദ്ദീന്‍ മൗലവിയും ഹാജി സാഹിബും കെ മൊയ്തു മൗലവിയുടെയുമെല്ലാം നിരന്തര സാന്നിധ്യം ഈ രണ്ടിടത്തുമുണ്ട്.

- Advertisement -
Ad image

ഇന്നീ കഥകള്‍ അയവിറക്കാന്‍ നമ്മോടൊപ്പം നവതി പിന്നിട്ട പൈങ്ങോട്ടായിയുടെ സ്വന്തം എ കെ എന്ന എ കെ കുഞ്ഞമ്മദുണ്ട്. 1925 മെയ് 15ന് അത്തിക്കുളങ്ങര മൊയ്തീന്റെയും താഴെ കൂന്തിലോട്ട് ഹലീമയുടെയും മകനായാണ് കുഞ്ഞമ്മദ് ജനിക്കുന്നത്. ഈ നാടിന്റെ ഒരു നൂറ്റാണ്ടോടടുത്ത ചരിത്ര നിര്‍മിതിയിലെ പങ്കാളിയും സാക്ഷിയുമാണ് എ കെ കുഞ്ഞമ്മദ്.

പൈങ്ങോട്ടായിയിലെ തറവാടു വീട്ടിലെ ചാരു കസേരയിലിരുന്ന് ഇടതടവില്ലാതെ അദ്ദേഹം സംസാരിച്ചു കൊണ്ടേയിരിക്കയാണ്. ഈ നാടിനെപ്പറ്റി, നവോഥാനത്തെപ്പറ്റി, വിദ്യാഭ്യാസത്തെപ്പറ്റി, കൃഷിയെപ്പറ്റി… അങ്ങിനെയങ്ങിനെ ഒളിമങ്ങാത്ത ഓര്‍മകള്‍ പുതു തലമുറയിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കയാണ് അദ്ദേഹം.

കീഴാറ്റില്‍ കുടുംബത്തില്‍ നിന്നാണ് പൈങ്ങോട്ടായിയുടെ നവോഥാന അനുരണനങ്ങളുണ്ടായത്. കീഴാറ്റില്‍ കുഞ്ഞമ്മദിന്റെ നാലു മക്കള്‍; ബരാനും തോലാത്തി മൊയ്തീനും കണ്ണനാലില്‍ സൂപ്പിയും കെനാലിയോട്ട് കുഞ്ഞിത്തറുവൈയും. ബരാന്റെ മകന്‍ കീഴാറ്റില്‍ അമ്മദ് വ്യത്യസ്ഥനായിരുന്നു. തലമുടിവെക്കല്‍ ഹറാമായിരുന്ന കാലത്ത് അദ്ദേഹം മുടിവച്ചു.

മലബാറിലെ മുസ്ലിംകളെ വിദ്യാസമ്പരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി ഗഫൂര്‍ഷാ എത്തിയപ്പോള്‍ പൈങ്ങോട്ടായിയില്‍ ഒരു വിദ്യാലയം സാധ്യമായി. അതിനു പിന്തുണ നല്‍കിയത് കീഴാറ്റില്‍ അമ്മദ് സാഹിബായിരുന്നു. പിന്നീട് സര്‍ക്കാര്‍ യു പി സ്‌കൂളായി മാറിയ ആയഞ്ചേരി ബോഡ് മാപ്പിള സ്‌കൂളാണത്. കുഞ്ഞമ്മദ് ഈ വിദ്യാലയത്തിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട്ടെ വലിയങ്ങാടിയില്‍ കണക്കെഴുത്തുകാരനായി അദ്ദേഹം ജോലി നോക്കി. പി കെ അഹമദ് സാഹിബിന്റെ പിതാവിന്റെ കടയിലായിരുന്നു ജോലി.

പൈങ്ങോട്ടായിയി പള്ളിയില്‍ മുഹമ്മദ് ജമാലുദ്ദീന്‍ മൗലവി മതപ്രഭാഷണത്തിനായെത്തും. എല്ലാംകൊണ്ടും ലക്ഷണമൊത്ത ഒരു പണ്ഡിത ശ്രേഷ്ടനായിരുന്നു അദ്ദേഹമെന്ന് എ കെ. എതിരാളികളെപ്പോലും അദ്ദേഹം സൗമ്യമായി കയ്യിലെടുക്കുമായിരുന്നു. അക്കാലത്ത് മുസ്‌ലിം പണ്ഡിത പ്രമുഖരായിരുന്ന മുഹമ്മദ് ശീറാസി, കുമരനല്ലൂര്‍കാരന്‍ അബ്ദുല്ലക്കുട്ടി മൗലവി, കുറ്റ്യാടി അബ്ദുല്ലക്കുട്ടി മൗലവി, പൊന്നാനിക്കാരന്‍ നൂറാനി, ചേടമ്മല്‍ കുഞ്ഞേറ്റി മുസ്ലിയാര്‍ തുടങ്ങിയവരും ജമാലുദ്ദീന്‍ മൗലവിക്കൊപ്പം പൈങ്ങോട്ടായിലെത്തുമായിരുന്നു. വടകരക്കടുത്ത കീഴലിലായിരുന്നു ജമാലുദ്ദീന്‍ മൗലവിയുടെ താമസം. ഇടക്കിടെ അദ്ദേഹം ഇവിടേക്ക് വരും. നല്ല ചെസ്സു കളിക്കാരനായ അദ്ദേഹം എന്റെ വീട്ടില്‍ വരുമ്പോള്‍ പിതാവൊത്ത് ചെസ് കളിക്കുന്നത് ഓര്‍മയുണ്ടെന്ന് എ കെ.

അക്കാലത്ത് പെങ്ങോട്ടായി പള്ളിയിലെ നാല്പത് ദിവസ വയദ് പ്രസിദ്ധമാണ്. മൂന്നു ഘട്ടങ്ങളിലായാണ് വയദുണ്ടാവുക. ബിസ്മിയില്‍ തുടങ്ങി തൃക്കല്യാണത്തിലവസാനം. നല്ല വയദുകാര്‍ ഇസ്‌ലാമിലെ യുദ്ധവര്‍ണനകളൊക്കെ നടത്തുമ്പോള്‍ ശ്രോതാക്കള്‍ അത് കണ്‍മുന്നില്‍ കാണുന്ന പോലെ അനുഭവിക്കുമായിരുന്നു. കെ മൊയ്തു മൗലവി വാണിമേല്‍, ഹാജി സാഹിബ് തുടങ്ങിയവരും പൈങ്ങോട്ടായിയിലെത്തിയത് വയദ് പറയാനായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചതും ഇക്കാലത്തായിരുന്നുവെന്ന് എ കെ ഓര്‍ക്കുന്നു.

കണക്കപ്പിള്ളയായി കോഴിക്കോട്ട് ഒതുങ്ങിക്കൂടാന്‍ കുഞ്ഞമ്മദ് തയ്യാറായിരുന്നില്ല. നവോഥാന പ്രവര്‍ത്തനങ്ങളില്‍ തന്നാലാവും വിധം അദ്ദേഹവും പ്രവര്‍ത്തന നിരതമായി. കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ ഉദ്ബോധനം നടത്താനായിരുന്നു എ കെയുടെ ശ്രമം. അക്കാലത്ത് ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്ന കലാപരിപാടികളില്‍ പ്രധാനമായിരുന്നു നാടകങ്ങള്‍. മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരൂപണം ചെയ്യുന്ന നര്‍മരസ പ്രധാനങ്ങളായ അനേകം നാടകങ്ങള്‍ എ കെ അണിയിച്ചൊരുക്കി. അതില്‍ പ്രസിദ്ധമായിരുന്നു കാര്യത്തിന്റെ കിടപ്പ് എന്ന നാടകം.

ഫഹുര്‍റാസിയുടെ കുട, അസ്‌ലുള്ള ആലിം, നില്‍ക്കക്കള്ളി തുടങ്ങി നിരവധി നാടകങ്ങള്‍ പൈങ്ങോട്ടായിയില്‍ എ കെയുടെ നേതൃത്വത്തില്‍ അരങ്ങേറി. പലതും സമൂഹത്തില്‍ വന്‍ ചര്‍ച്ചകളായി മാറി. നാടകങ്ങളില്‍ പ്രദേശത്തുകാര്‍ പലരും അഭിനയിച്ചു. അരനൂറ്റാണ്ടിനപ്പുറത്ത് ഒരു നാട്ടിന്‍ പുറത്ത് അരങ്ങേറിയ നാടകങ്ങള്‍ പലരുടെയും ഉറക്കം കെടുത്തുന്നവയായിരുന്നുവെന്ന് എ കെ.

ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ അതിബൃഹത്തായതാണ്. പ്രമുഖരായ പണ്ഡിതന്‍മാര്‍ക്കു മാത്രം കൈകാര്യം ചെയ്യാനാവുമായിരുന്ന ആ നിയമങ്ങള്‍ വളരെ ഹ്രസ്യവും കാവ്യാത്മകവുമായി ജനങ്ങളിലേക്കെത്തിക്കാന്‍ എ കെ കുഞ്ഞമ്മദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അനന്തിര മസാല എന്ന പേരില്‍ അദ്ദേഹം പുറത്തിറക്കിയ പുസ്തകം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കവിതയില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച് പുറത്തിറക്കിയ പവിത്ര പലായനവും അക്കാലത്ത് ഏറെ വായനക്കാരെ സൃഷ്ടിച്ചു.

തൊണ്ണൂറ്റി ഏഴാം വയസിലും വായനയും വിശകലനവും വിമര്‍ശനവും അഭിപ്രായ പ്രകടനങ്ങളും കൊണ്ട് സമ്പന്നനാണ് പൈങ്ങോട്ടായിയുടെ ഈ കാരണവര്‍. സമകാലിക വിഷയങ്ങളെ തന്റെതായ കാഴ്ചപ്പാടിലൂടെ അദ്ദേഹം അവതരിപ്പിക്കും. ഈ നാടിന്റെയും നവോഥാനത്തിന്റെയുമെല്ലാം ഓരോ ചലനങ്ങളെയും കുറിച്ച് വാതോരാതെ സംസാരിക്കാന്‍ കഴിയുന്ന എ കെ ഏവര്‍ക്കും വിസ്മയമാണ്.

Share This Article
Leave a Comment
error: Content is protected !!