ആഘോഷ നിറവില്‍ ഒരു പെരുന്നാള്‍

Web Desk
3 Min Read

ഇസ്‌ലാമിക വിശുദ്ധ മാസമായ റമദാന്‍ അവസാനിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത് സാര്‍വ്വത്രികമായി ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നു കൂടിയാണിത്.

city exchange

വിശുദ്ധ റമദാന്‍ മാസത്തിന്റെ സമാപ്തി കുറിച്ച് കൊണ്ടുള്ള പ്രായഭേദമന്യേ എല്ലാവരും ഏറെ ഉത്സാഹത്തോടും ആവേശത്തോടും ആഘോഷിക്കുന്ന സന്തോഷകരമായ അവസരമാണ് ഈദുല്‍ ഫിത്വര്‍. ഇസ്ലാമിക കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമാണ് മാസപ്പിറവി കണ്ടതിന് ശേഷമുള്ള ആഘോഷം.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മഹാമാരി ഏറെക്കുറെ വിട്ടുമാറിയതിനാല്‍ വലിയ ആശങ്ക നില നില്‍ക്കാതിരുന്നതിനാല്‍ ഈ വര്‍ഷം ഏറെ ആനന്ദത്തോടെയും സന്തോഷത്തോടെയുമാണ് ഈദ് ആഘോഷം.

ഇസ്‌ലാം മത വിശ്വാസികള്‍ക്ക് രണ്ട് ആഘോഷം മാത്രമെ യുള്ളു. തീവ്രസഹനത്തോടെയുള്ള വ്രതശുദ്ധിയുടെ റമദാന്‍ മാസം കഴിഞ്ഞ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍. ഇബ്രാഹിം നബിയുടെ കഠിനമായ ത്യാഗത്തിന്റെ പ്രതീകമായ ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ.

- Advertisement -
Ad image

ഒരു മാസത്തെ വിശുദ്ധമായ വ്രതത്തിന്നു ശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ലോകത്തെമ്പാടുമുള്ള ഇസ്‌ലാംമത വിശ്വാസികള്‍. അതികഠിനമായ ഉഷ്ണത്തെപ്പോലും വകവെക്കാതെ തീവ്രമായ ത്യാഗത്തിലൂടെ ശരീരവും മനസ്സും നവീകരിക്കുന്ന മഹത്തായ വ്രതത്തിനുശേഷം ആഘോഷത്തിന്റെ നിറവിലേക്ക്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയുമെന്ന സാര്‍വ്വലൗകിക നന്മയെയാണ് ഈദുല്‍ഫിത്വര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം.

എല്ലാവരെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് പെരുന്നാള്‍ നല്‍കുന്ന അതിമഹത്തായ സന്ദേശം. ഒറ്റയ്ക്ക് ആനന്ദിക്കുകയല്ല, എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കഴിയാവുന്നതു ചെയ്യുകയെന്നതാണ് ഈദുല്‍ഫിത്വറിന്റെ വാക്യാര്‍ഥംതന്നെ. അര്‍ഹിക്കുന്നവര്‍ക്ക് സക്കാത്ത് നല്‍കുകയെന്ന അനുശാസനം കാരുണ്യത്തില ധിഷ്ഠിതമായ പാരസ്പര്യത്തിന്റെ മുദ്രയാണ്. വലുപ്പച്ചെറുപ്പം മറന്ന് കൊണ്ട് തുല്യതയിലേക്ക് എന്ന സങ്കല്പത്തിന്റെ ആദിരൂപം അതില്‍ അടങ്ങിയിട്ടുണ്ട്. ബന്ധങ്ങളില്‍ ഇഴയടുപ്പമുണ്ടാക്കുക, സൗഹാര്‍ദ്ദം വളര്‍ത്തുക എന്നതും പെരുന്നാളിന്റെ മഹനീയമായ സന്ദേശം തന്നെ.

ചിരപുരാതന കാലം തൊട്ട് അറബ് നാടുകളുമായി പരസ്പരാശ്രിത സാമൂഹികബന്ധം പുലര്‍ത്തിയ നാടെന്നനിലയില്‍ കേരളത്തിലെയും സഹസ്രാബ്ദങ്ങളായുള്ള ആഘോഷങ്ങളിലൊന്നാണ് ചെറിയ പെരുന്നാള്‍. ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകങ്ങളും ഏകോദരസഹോദരങ്ങളെപ്പോലെ സഹകരിച്ച് ജീവിതം കെട്ടിപ്പടുത്ത നാടാണിത്. ഓണവും ക്രിസ്മസും പെരുന്നാളും ഏതെങ്കിലും സമുദായത്തിന്റേതു മാത്രമായല്ല കണ്ടത്, നാടിന്റെ മുഴുവന്‍ വിശുദ്ധ ദിനങ്ങളായാണ്.

ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പരസ്പരം ക്ഷണിക്കുന്നതും ആതിഥ്യം സ്വീകരിക്കുന്നതും ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതും പണ്ടുമുതലേ നിലനില്‍ക്കുന്ന ആഹ്ലാദകരമായ അനുഭവങ്ങളാണ്. ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍ക്കും തിരുനാളുകള്‍ക്കും പരസ്പരം ആശംസകളര്‍പ്പിക്കുന്നതും സഹകരിക്കുന്നതുമാണ് മഹത്തായ കേരളപാരമ്പര്യം. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും നാട് ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും അങ്ങിങ്ങ് സങ്കുചിത ചിന്താഗതികള്‍ മുളപൊട്ടുന്ന ദുരവസ്ഥയിലാണ് രാജ്യം. സുപ്രിം കോടതി അടുത്തകാലത്തായി രാഷ്ട്രത്തെ തുടരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ സര്‍വശക്തിയും ഉപയോഗിച്ച് തടയണമെന്നാണ്.

വ്യക്തികളുടെ മനസ്സ് സ്വാഭാവികമായോ യാദൃച്ഛികമായോ ഇടുങ്ങിപ്പോകുന്നതല്ല. സ്വാര്‍ഥ ലക്ഷ്യങ്ങളോടെ ചിലരോ വലിയ കൂട്ടങ്ങള്‍തന്നെയോ നടത്തുന്ന രഹസ്യമായ കുത്തിത്തിരിപ്പിന്റെയും പരസ്യമായ പ്രചാരണങ്ങളുടെയും സ്വാധീനവലയത്തില്‍ പെട്ടുപോകുന്നതാണെന്നതാണ് വസ്തുത.

രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തുമാത്രമല്ല, എല്ലായിടത്തേക്കും അവിശ്വാസത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലുംപെട്ട ചെറിയൊരു ശതമാനം കൂട്ടങ്ങള്‍ മാത്രമാണ് വിഷലിപ്ത വ്യാഖ്യാനങ്ങളും പ്രകോപനങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നതെങ്കിലും അതിന്റെ ആഘാതത്തിന്റെ ആഴവും വ്യാപ്തിയും വലുതാണ്. മതസൗഹാര്‍ദത്തിനും സഹിഷ്ണുതയ്ക്കും മാത്രമല്ല, മതസഹവര്‍ത്തിത്വത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ കീര്‍ത്തികേട്ട നാടാണ് കേരളം. ആചാരങ്ങളും വിശ്വാസങ്ങളും കൊടിയടയാളങ്ങളും ഭിന്നമായാലും ആ ചിഹ്നങ്ങളൊന്നും നോക്കിയല്ല, അന്വേഷിച്ചല്ല, ഇവിടെ സാമൂഹിക ബന്ധങ്ങള്‍ വളര്‍ന്നതും മുന്നോട്ടുപോകുന്നതും. ഏകോദര സഹോദരങ്ങളെപ്പോലുള്ള ആ ഐക്യവും യോജിപ്പും കൂടുതല്‍ കരുത്തുറ്റതാക്കുന്നതിന് വിവിധ ആഘോഷങ്ങള്‍ സഹായകമാകും.

കോവിഡ് കാരണം പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ അതിന്റെ പൊലിമയില്‍ നടത്താന്‍ കഴിയാതെപോയതാണ്. വലിയ കൂടിച്ചേരലുകള്‍ അസാധ്യമായതിനാല്‍ സമൂഹപ്രാര്‍ഥനയ്ക്ക് ഈദ് ഗാഹിന് സാഹചര്യമുണ്ടായില്ല. മഹാമാരി ആശങ്കയകന്നതിനാല്‍ ഈ വര്‍ഷം ഏറെ സന്തോഷത്തോടെയാണ് ഈദ് ആഘോഷം. തീവ്രസഹനത്തോടെയുള്ള വ്രതശുദ്ധിയുടെ റമദാന്‍ മാസം കഴിഞ്ഞ് പെരുന്നാള്‍ ആഘോഷിമ്പോള്‍ നേരുന്നു പെരുന്നാളാശംസകള്‍.

Share This Article
Leave a Comment
error: Content is protected !!