

അബൂദാബി: പ്രളയം ദുരന്തം വിതച്ച പാകിസ്താന് അടിയന്തര സഹായവുമായി യു എ ഇ. മൂവായിരം ടണ്‍ ഭക്ഷണത്തിന് പുറമേ പരമാവധി സഹായങ്ങള്‍ പാകിസ്താനില്‍ എത്തിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായി ഫോണില്‍ ആശയവിനിമയം നടത്തിയതിന് ശേഷമാണ് യു എ ഇ പ്രസിഡന്റ് അടിയന്തരമായി സഹായം എത്തിക്കാന്‍ നിര്‍ദ്ദേശം നല്കിയത്. ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് തുടങ്ങിയവയാണ് യു എ ഇ പാകിസ്താനിലേക്ക് അയച്ചത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പാകിസ്താന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.


പാകിസ്താനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം രാജ്യത്തിന് പുറത്തുള്ള പാകിസ്താന്‍ പൗരന്മാരോട് ദുരന്താവസ്ഥയില്‍ നാടിനെ സഹായിക്കാനും ആവശ്യപ്പെട്ടിരുന്നു. ആയിരത്തിലേറെ പേര്‍ പ്രളയത്തില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മുപ്പത് മില്യണിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 2010ലാണ് ഇതിനുമുമ്പ് പാകിസ്താന്‍ വന്‍ പ്രളയത്തിന് സാക്ഷ്യം വഹിച്ചത്.

