Connect with us

Entertainment

‘പാലേരി മാണിക്യം’ വീണ്ടും വരുന്നു; സെപ്റ്റംബര്‍ 20-ന്

Published

on


കൊച്ചി: മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കി വന്‍ വിജയം നേടിയ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സെപ്റ്റംബര്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4കെ അറ്റ്‌മോസിലാണ് അവതരിപ്പിക്കുന്നത്.

മഹാ സുബൈര്‍, എ വി അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മൂന്നാം തവണയാണ് തിയേറ്ററിലെത്തിക്കുന്നത്. 2009ല്‍ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാന്‍ ആരാധകര്‍ ഇത്തവണയും തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാര്‍ഡ് ശ്വേത മേനോനും കരസ്ഥമാക്കി.

മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

ഛായാഗ്രഹണം- മനോജ് പിള്ള, സംഗീതം- ശരത്, ബിജിബാല്‍, കഥ- ടി പി രാജീവന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


error: Content is protected !!