

കോഴിക്കോട്: ഫലസ്തീന് അംബാസിഡര്‍ അദ്നാന് അബുല്‍ ഹൈജ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കാരന്തൂര്‍ മര്‍കസില്‍ സന്ദര്‍ശിച്ചു. ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നടന്ന വിവിധ ഐക്യദാര്‍ഢ്യ റാലികളും ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതക്ക് വേണ്ടി ഇവിടത്തെ പള്ളികളിലും മറ്റും നടക്കുന്ന പ്രാര്‍ഥനയും നന്ദിപൂര്‍വം സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ മത നേതാക്കളുടെ സമ്മേളനത്തില്‍ ഫലസ്തീന് വിഷയം ഉന്നയിച്ചതിനും നേരത്തെ ഫലസ്തീന് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കുന്നതില്‍ വിവിധ സര്‍ക്കാറുകളില്‍ ഇടപെടല്‍ നടത്തിയതിനും കാന്തപുരത്തെ അംബാസിഡര്‍ പ്രത്യേകം കൃതജ്ഞത അറിയിച്ചു.

പഴയ കാലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണകൂടവും ജനതയും ഫലസ്തീനികള്‍ക്കൊപ്പമാണെന്ന് കാന്തപുരം പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, ഇന്‍ഡോ- അറബ് മിഷന് സെക്രട്ടറി ഡോ. അമീന് മുഹമ്മദ് സഖാഫി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
