
കോഴിക്കോട്: പഠനത്തിനിടെ അപകടം പറ്റി വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്ന ബി ഡി എസ് വിദ്യാര്‍ഥിനിക്ക് അഞ്ച് ലക്ഷം രൂപ വിട്ടുനല്‍കി എസ് ബി ഐ.
സാധാരണക്കാരന്റെ തിരിച്ചടവ് മുടങ്ങിയാല്‍ അടുത്ത മാസം ജപ്തിയുമായി വരുന്നത് പതിവായിരിക്കുന്ന ഒരു സമയത്താണ് ഒരു ധനകാര്യ സ്ഥാപനം ഇത്തരം മാതൃകാപരമായ കാര്യം നിര്‍വഹിച്ചത്.

കോഴിക്കോട് ചെറുകുളത്തൂര്‍ സ്വദേശി സുഗതന്റെ മകള്‍ ആതിരക്കാണ് കനിവിന്റെ മാതൃകയൊരുക്കിയത്. ആതിര ബി ഡി എസിന് പഠിക്കുമ്പോള്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് കിടപ്പിലാകുകയും 75 ശതമാനം അംഗവൈകല്യം ബാധിക്കുകയും ചെയ്തു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പ്രാക്ടീസ് ചെയ്യുവാനോ ജോലി നേടുവാനോ കഴിയാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രീഅദാലത്തുകളുടെ ഭാഗമായി ആതിരയുടെ പ്രശ്നവും പരിഹരിക്കപ്പെട്ടത്. വിദ്യാഭ്യാസ വായ്പ എടുത്ത തുകയും പലിശയും അടക്കം കുടിശ്ശികയായ 5,16,781 രൂപയില്‍ 10,000 രൂപ മാത്രം മതിയെന്ന് വെച്ച് ഒത്തു തീര്‍പ്പാക്കി എസ് ബി ഐ കനിവിന്റെ പുതിയ മാതൃക തീര്‍ക്കുകയായിരുന്നു.


ഈ ചെറിയ തുകയും അടച്ച് തീര്‍ക്കാനാകാത്ത നിരാലംബരായ രക്ഷിതാക്കളുടെ അവസ്ഥ മനസ്സിലാക്കി ബാങ്ക് ജീവനക്കാര്‍ തന്നെ ആ പണം സ്വന്തം കൈയില്‍ നിന്നുമെടുത്ത് വീതിച്ച് നല്‍കി. മകളുടെ ചികിത്സക്ക് വേണ്ടി ഭാരിച്ച തുക ചെലവാക്കേണ്ടി വന്ന പിതാവിന്റെ നിസ്സഹായത തിരിച്ചറിഞ്ഞ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം പി ഷൈജലിന്റെ ക്രിയാത്മകമായ ഇടപെടലിന്റെ ഫലമായാണ് ബാങ്ക് ഇത്തരമൊരു അനിതര സാധാരണ നടപടിയിലേക്ക് നീങ്ങിയത്.
ബാങ്ക് ജീവനക്കാരായ രചന, രാകേഷ്, സജി, രാജീവ്, പ്രവീണ്‍, ജിംഷിദ, പ്രശോഭ്, ഹരി, രമേശന്‍, വിനയന്‍, അശോകന്‍, ലോപേഷ് എന്നിവര്‍ ചേര്‍ന്നാണ് തുക നല്‍കിയത്. ആതിരയുടെ തുടര്‍ ചികിത്സക്കും പെന്‍ഷന്‍ ലഭ്യമാക്കുന്നതിനും ജോലി സാധ്യതകളെകുറിച്ചും സി ആര്‍ സിയുമായി സഹകരിച്ച് നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം പി ഷൈജല്‍ പറഞ്ഞു.
നാഷനല്‍ ലോക് അദാലത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രീഅദാലത്തുകള്‍ നടന്നുകൊണ്ടിരിക്കുന്നത്.


