
കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് ജി വാര്യര്‍. വിഷു റിലീസായി എത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന സാഹചര്യത്തിനിടയിലാണ് സന്ദീപ് ജി വാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തെ വിമര്‍ശിച്ചത്. സിനിമയില്‍ കാണിക്കുന്ന ഫ്‌ളോറി എന്ന ഗര്‍ഭിണിയായ കഥാപാത്രത്തിന്റെ മരണം വിമോചന സമരത്തെ ശക്തിപ്പെടുത്തിയ പ്രധാന സംഭവങ്ങളിലൊന്നായി ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനെ പൊലീസിന്റെ വീഴ്ചയായി മാത്രം ചിത്രത്തില്‍ ചുരുക്കിക്കാണിക്കുന്നത് സമരത്തിന്റെ രാഷ്ട്രീയ പ്രസക്തിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നുമാണ് വിമര്‍ശനത്തില്‍ പ്രധാനമായി ഉന്നയിക്കുന്ന കാര്യം.

‘വിമോചന സമരത്തിന്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫ്‌ളോറി എന്ന ഗര്‍ഭിണി. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്. ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്സോ അറിയാതെ പൊലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.’ എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഇതേപറ്റി പരാമര്‍ശിച്ചത്.

സിനിമ ഒരു കലാരൂപമെന്ന നിലയില്‍ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിച്ചെങ്കിലും ഇത്തരത്തില്‍ ചരിത്രസത്യങ്ങളെ ‘വെളുപ്പിച്ചെടുക്കുന്ന’ സമീപനം സമൂഹത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനിടയാക്കുമെന്ന് കൂടി പോസ്റ്റില്‍ വിലയിരുത്തപ്പെടുന്നുണ്ട്. ചരിത്രത്തെ ആസ്പദമാക്കി സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ സത്യസന്ധതയും ഉത്തരവാദിത്തബോധവും അനിവാര്യമാണെന്ന ചര്‍ച്ചകള്‍ക്ക് ഈ വിമര്‍ശന പോസ്റ്റിപ്പോള്‍ വഴിയൊരുക്കിയിരിക്കുകയാണ്.
വിമോചന സമരത്തെ പശ്ചാത്തലമാക്കി ഭൂപരിഷ്‌കരണ നിയമം മൂലം കമ്യൂണിസവും ക്രൈസ്തവരും തമ്മില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും അത് മൂലം നാടിനുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളും വരച്ചുകാട്ടി തുടങ്ങുന്ന ചിത്രം ചരിത്ര സത്യങ്ങളെ തൊട്ടുപോകുന്ന ഒന്ന് കൂടിയാണ്. അതിനാല്‍ തന്നെ സന്ദീപ് ജി വാര്യരുടെ പോസ്റ്റ് കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ചരിത്രത്തെ തെറ്റായ രീതിക്ക് ചിത്രം കൈകാര്യം ചെയ്തുവെന്ന ആരോപണത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്ത് മറുപടി നല്‍കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ.

