സ്‌കൂള്‍ തുറക്കും മുമ്പ് ആന്റിജന്‍ പരിശോധന കിറ്റിന് നെട്ടോട്ടമോടി രക്ഷിതാക്കള്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ സര്‍ക്കാര്‍- സ്വകാര്യ വിദ്യാലയങ്ങള്‍ നാളെ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ആന്റിജന്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്നതായി റിപ്പോര്‍ട്ട്. സ്‌കൂളുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികളെല്ലാം ആന്റിജന്‍ പരിശോധന നടത്തി ഫലം നല്‌കേണ്ടതുണ്ട്.

city exchange

ആവശ്യത്തിന് ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാകുന്നില്ലെന്ന പരാതിയും രക്ഷിതാക്കള്‍ പറയുന്നുണ്ട്.

ഖത്തറിലെ സ്‌കൂളുകളെല്ലാം പൂര്‍ണമായ തോതിലാണ് നാളെ ആരംഭിക്കുന്നത്. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ അധികൃതരുടെ തീരുമാനത്തില്‍ അത്ഭുതമില്ല. എന്നാല്‍ രക്ഷിതാക്കള്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ മതിയായ സമയം ലഭ്യമായില്ലെന്നും പറയുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആന്റിജന്‍ കിറ്റുകള്‍ സൗജന്യമായി ലഭിക്കുമ്പോള്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഫാര്‍മസികളില്‍ നിന്നും അവ വാങ്ങേണ്ടതുണ്ട്.

- Advertisement -
Ad image

റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ ലഭ്യതക്കുറവും ഗതാഗത സൗകര്യത്തിന്റെ അഭാവവും കാരണം തന്റെ മകനെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ഒരു രക്ഷിതാക്ക് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കത്തെഴുതിയത്.

സ്‌കൂളില്‍ പോകുന്ന ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്ഖള്‍ക്ക് പ്രതിവാര ആന്റിജന്‍ പരിശോധന വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുക. കാരണം ഓരോ പരിശോധനയ്ക്കും 25 റിയാല്‍ വീതമാണ് ചെലവു വരിക. എല്ലാ ആഴ്ചയിലും ഇത്തരത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

എങ്ങനെയാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടതെന്ന് അറിയാത്ത രക്ഷിതാക്കളുമുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്കായി പരിശോധന നടത്തുന്ന രീതി വിവരിച്ച് അധികൃതര്‍ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന മന്ത്രാലയത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചിലര്‍ തീരുമാനത്തെ പിന്തുണക്കുമ്പോള്‍ മറ്റു ചിലര്‍ എതിര്‍ക്കുന്നുമുണ്ട്. മൂന്നു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനയും ഭയവും പരിഗണിക്കപ്പെടണമെന്നും ചിലര്‍ പറയുന്നു.

ആഴ്ചയില്‍ കുട്ടികള്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പോസിറ്റീവ് വശം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും കോവിഡ് ബാധയില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നുള്ളതാണ്. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം മന്ത്രാലയം ഈ തീരുമാം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!