

ന്യൂഡല്‍ഹി: രണ്ടു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി. മൂന്നു തവണയാണ് ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് നല്‍കിയത്. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി ലഭ്യമാക്കിയത്.

കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് ഡി സി ജി ഐ അനുമതി നല്കിയിരിക്കുന്നത്. രണ്ടു വയസ് മുതല്‍ 12 വയസ് വരെയുളള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നേരത്തെ പന്ത്രണ്ട് വയസിന് മുകളിലുളള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സിന്‍ നല്‍കാന്‍ അനുമതി ഉണ്ടായിരുന്നു.

കുട്ടികള്‍ക്ക് എപ്പോള്‍ മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.
പ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ബൂസ്റ്റര്‍ ഡോസ് ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

