

ദോഹ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പായും തങ്ങളുടെ നൊമ്പരമായും ഇന്‍കാസ് നേതാവ് സിദ്ദീഖ് പുറായിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ നിയോജക മണ്ഡലമായ തിരുവമ്പാടിക്ക് നാട്ടുകാരന്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന പ്രതീക്ഷ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നഷ്ടപ്പെട്ടുവെന്ന അര്‍ഥം പരോക്ഷമായി സൂചിപ്പിച്ചാണ് സിദ്ദീഖ് പുറായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിലെവിടെയും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെയോ തിരുവമ്പാടി നിയോജക മണ്ഡലത്തെയോ തമ്മില്‍ ബന്ധിപ്പിക്കാന്‍ സിദ്ദീഖ് പുറായില്‍ ബുദ്ധിപൂര്‍വം ശ്രമിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായതോടെ പി വി അന്‍വര്‍ തിരുവമ്പാടിയില്‍ പ്രതീക്ഷ വെച്ചിട്ടുണ്ടെന്നോ നേതാക്കളില്‍ നിന്ന് ഉറപ്പു വാങ്ങിയിട്ടുണ്ടാകുമെന്നോ ഉള്ള സംശയങ്ങള്‍ വരികള്‍ക്കിടയില്‍ വായിക്കാനാവും.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിന് തങ്ങളുടെ പ്രതിനിധിയെ പോസ്റ്ററില്‍ മാത്രം കണ്ട പരിചയമാണുള്ളതെന്ന അര്‍ഥം പ്രയോഗിച്ചിട്ടുണ്ട്. മാത്രമല്ല സാധാരണ കോണ്‍ഗ്രസുകാരുടെ വികാരമെന്ന നിലയില്‍ അദ്ദേഹം നേതൃത്വത്തെ കാര്യം ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാലവും ലോകവും മാത്രമല്ല വ്യക്തികള്‍ ഓരോരുത്തരും മാറിയതും പാര്‍ട്ടി നേതൃത്വം തിരിച്ചറിയണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ദൂരവ്യാപക ഫലങ്ങളിലേക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
പോസ്റ്ററില്‍ ഒരക്ഷരം പി വി അന്‍വറിനെ കുറിച്ച് പറയുന്നില്ലെങ്കിലും തന്റെ എഫ് ബി പേജില്‍ പോസ്റ്റിനോടൊപ്പം ഉപയോഗിച്ച ചിത്രത്തില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വലുപ്പത്തില്‍ അന്‍വറിന്റെ ചിത്രം നല്‍കിയിട്ടുണ്ട്. അതുതന്നെയാണ് പോസ്റ്റ് വരികള്‍ക്കിടയില്‍ വായിക്കാന്‍ ആവശ്യപ്പെടുന്ന സൂചനയും.
സിദ്ദീഖ് പുറായിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കാലങ്ങളായുള്ള തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സാധാരണ കോണ്‍ഗ്രസ്സുകാരുടെ നൊമ്പരം
വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലുള്‍പ്പെട്ട ഭൂരിഭാഗവും മലയോര പ്രദേശങ്ങളുള്ള തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ജീവിച്ച് ഇടപഴകുന്ന ഒരു ചെറിയ കോണ്‍ഗ്രസ്സുകാരനാണ് ഞാന്‍. കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വവും കേരളാ നേതൃത്വവും കേന്ദ്ര നേതൃത്വവുമൊക്കെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈയൊരു കുറിപ്പ്.
ഒന്ന് രണ്ട് തവണയൊക്കെ തന്റെ പ്രസ്ഥാനത്തോടും പാര്‍ട്ടിയോടുമുള്ള കൂറ് കൊണ്ടും കടപ്പാട് കൊണ്ടും കാര്യങ്ങളൊക്കെ അങ്ങ് തള്ളി നീക്കിയിരുന്നേക്കാം. നാമൊക്കെ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പോസ്റ്ററില്‍ മാത്രം കണ്ട് വിജയിപ്പിച്ചിരുന്നതും വിജയിച്ചിരുന്നതുമായ ഒരു കാലമൊക്കെ ഉണ്ടായിരുന്നു. ഇന്ന് കാലം മാറി ലോകം മാറി നമ്മളും മാറിയില്ലേ.

