Featured
സാങ്കേതികത്തകരാര്‍ ഭയന്ന് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ തിരികെപ്പറന്നു

ഹോങ്കോങ്: ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം സാങ്കേതികത്തകരാറുണ്ടെന്ന് ഭയന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ പറന്നു. എഐ 315 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം തിരികെ ഇറങ്ങിയത്.


വിമാനത്തിന് സാങ്കേതിക തകരാറുകളുണ്ടെന്ന് പൈലറ്റിന് സംശയം തോന്നുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നും ഇറക്കിയതിന് ശേഷം പരിശോധനയ്ക്ക് വിധേയമാക്കി.

ഹോങ്കോങ് സമയം ഉച്ചക്ക് 12.16ന് പുറപ്പെട്ട വിമാനം 1.15ന് തിരികെ ഇറങ്ങുകയായിരുന്നു. രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മൂന്നര മണിക്കൂര്‍ വൈകി യാത്ര തുടങ്ങിയത്.


യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയിലേക്ക് എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിത തടസ്സം മൂലമുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ ഓണ്‍-ഗ്രൗണ്ട് സഹായവും നല്‍കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.


