ഭരതനാട്യത്തില്‍ ലോക റെക്കോര്‍ഡ് ഭേദിച്ച് കൊച്ചി

Web Desk
2 Min Read

കൊച്ചി: രാജകീയ നീലിമ ചാരുത ചാര്‍ത്തിയ സായാഹ്നത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈലാസമായി. പീലി വിടര്‍ത്തിയാടുന്ന പന്തീരായിരം മയിലുകളുടെ ചുവടുവെയ്പുകള്‍ ഗ്യാലറി നിറഞ്ഞ കാണികള്‍ക്ക് സ്വര്‍ഗ്ഗീയ വിരുന്നായി.

city exchange

കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ കൈലാസമാക്കി മൃദംഗ വിഷന്റെ മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോര്‍ഡിലേക്കും ചുവടുവെച്ചു. നേരത്തെ ഉണ്ടായിരുന്ന 10176 നര്‍ത്തകരുടെ റെക്കോര്‍ഡ് ആണ് തകര്‍ത്തത്. 11600 പേരാണ് ലോക റെക്കോര്‍ഡ് ഭരതനാട്യം പ്രകടനത്തില്‍ പങ്കെടുത്തത്. റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതര്‍ കൈമാറി.

ദൃശ്യ- ശ്രാവ്യ- കലാ രംഗത്ത് പുതിയ സംസ്‌ക്കാരം സൃഷ്ടിച്ച മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടന്ന ഭരതനാട്യം ഇതുവരേയും കൊച്ചി കണ്ടിട്ടില്ലാത്ത മനോഹരമായ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.

ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഒരേ താളത്തില്‍ നൃത്തം ചെയ്തത്. ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരും നൃത്ത സംഘത്തില്‍ നടനമാടി.

- Advertisement -
Ad image

പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്.

കേരളത്തിന് പുറമേ മുംബൈ, ബെംഗളൂരു, ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യക്കു പുറത്തു നിന്നും ജി സി സി രാജ്യങ്ങള്‍, യു എസ്, യു കെ, ആസ്‌ത്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നും നര്‍ത്തകര്‍ ഭരതനാട്യത്തില്‍ പങ്കെടുത്തു.

എട്ടു മിനുട്ട് നീണ്ടുനിന്ന റെക്കോര്‍ഡ് ഭരതനാട്യം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം പി, എ ഡി ജി പി എസ് ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രകാശ് പട്ടാഭിരാമന്‍, സിജോയ് വര്‍ഗ്ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ അബ്ദുല്‍ റഹീം, മിനി നിഘോഷ്, പൂര്‍ണിമ, അനൂപ് എന്നിവര്‍ പങ്കെടുത്തു.

ഗോകുല്‍ ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു.

മൃദംഗ വിഷന്‍ പ്രീമിയം ആര്‍ട്ട് മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്ത് ഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട്സില്‍ക്ക് സാരി അണിഞ്ഞാണ് 12000 ഭരതനാട്യ നര്‍ത്തകര്‍ ഒന്നിച്ചു ചുവടുവെച്ചത്.

പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ നൃത്തരംഗത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ കലാമണ്ഡലം, കലാക്ഷേത്ര, ആര്‍ എല്‍ വി, ലാസ്യ തുടങ്ങിയിടങ്ങളിലെ ഗുരുക്കന്മാരെ സ്വര്‍ണ നാണയം സമ്മാനിച്ച് ജോയ് ആലുക്കാസ് ആദരിച്ചു.

നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യഗണങ്ങളും ആറുമാസത്തോളം കഠിന പ്രയത്നം നടത്തിയാണ് പരിപാടിക്കായി തയ്യാറെടുത്തത്.

ഏഴ് വയസ്സിന് മുകളില്‍ പ്രായമുള്ള നൃത്തത്തെ സ്നേഹിക്കുന്നവര്‍ ലിംഗഭേദമന്യേയാണ് മൃദംഗനാദം ഭരതനാട്യത്തില്‍ പങ്കെടുത്തത്.

Share This Article
Leave a Comment
error: Content is protected !!