
കൊച്ചി: കൊച്ചിയിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ബ്രാഞ്ച് ഓഫീസും സ്റ്റോക്ക് യാര്‍ഡും തരംതാഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എം പി കേന്ദ്ര ഉരുക്ക് മന്ത്രി എച്ച് ഡി കുമാരസ്വാമിയെ നേരിട്ട് കണ്ട് നിവേദനം നല്‍കി. കേരളത്തിന്റെ വ്യാവസായിക, പശ്ചാത്തല വികസന മേഖലകളെ തകര്‍ക്കുന്ന നീക്കമാണിതെന്ന് എം പി മന്ത്രിയെ ധരിപ്പിച്ചു.

ഐ എന്‍ എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള പ്രതിരോധ പദ്ധതികള്‍ക്കും കൊച്ചി മെട്രോ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബി പി സി എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഉരുക്ക് എത്തിക്കുന്നതില്‍ കൊച്ചി സെയില്‍ യൂണിറ്റ് നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഈ സ്ഥാപനത്തെ തരംതാഴ്ത്തി പ്രവര്‍ത്തനം കോയമ്പത്തൂരിലേക്ക് മാറ്റുന്നത് സ്വകാര്യ ഉരുക്ക് മാഫിയകള്‍ക്ക് വിപണിയില്‍ മേധാവിത്വം നല്‍കാനും വിലക്കയറ്റത്തിനും കാരണമാകും. ഇത് ചെറുകിട വ്യവസായങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ 10,000 മെട്രിക് ടണ്‍ ഉരുക്ക് സംഭരിക്കേണ്ട കൊച്ചിയില്‍ സ്റ്റോക്ക് 2,000 ടണ്ണായി കുറഞ്ഞത് അടിയന്തരമായി പരിഹരിക്കണമെന്നും കൊച്ചി ശാഖയെ കേരളത്തിന്റെ സ്ഥിരം തന്ത്രപ്രധാന കേന്ദ്രമായി ശക്തിപ്പെടുത്തണമെന്നും എം പി ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
