

ആലുവ: വര്‍ഷങ്ങളായി കുണ്ടുംകുഴിയുമായി സഞ്ചാര യോഗ്യമല്ലാതായിരുന്ന വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പ് ലൈന്‍ റോഡിന്റെ പട്ടേരിപ്പുറം മുതല്‍ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗം എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിക്കുന്നതിന് സര്‍ക്കാരിന്റെ നിലവിലുള്ള ഉത്തരവു പ്രകാരം അനുമതിയില്ലായിരുന്നു.

എന്നാല്‍ ഈ റോഡിന്റെ പ്രാധാന്യവും ജനങ്ങള്‍ അനുഭവിക്കുന്ന യാത്ര ദുരിതവും ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എം എല്‍ എ പൈപ്പ് ലൈന്‍ റോഡ് ടൈല്‍ വിരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് ഇളവു നല്കി പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന് കത്തെഴുതിയും നേരിട്ടു കണ്ടും ആവശ്യപ്പെട്ടിരുന്നു.

എം എല്‍ എയുടെ ആവശ്യം പരിഗണിച്ച് പൈപ്പ് ലൈന്‍ റോഡ് പട്ടേരിപ്പുറം മുതല്‍ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗവും സെന്റ് അല്‍ഫോന്‍സാ റോഡും (ഹഡ്കോ റോഡ്) ടൈല്‍ വിരിക്കുന്നതിന് നിലവിലുള്ള നിയമത്തില്‍ ഇളവ് വരുത്തി ധനകാര്യ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയതായി എം എല്‍ എ അറിയിച്ചു.
പ്രത്യേക ഉത്തരവ് പ്രകാരം പൈപ്പ് ലൈന്‍ റോഡിന് പട്ടേരിപ്പുറം മുതല്‍ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗവും സെന്റ് അല്‍ഫോന്‍സാ റോഡും ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിക്കുന്നതിന് എം എല്‍ എയുടെ 2023- 24ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99.99 ലക്ഷം രൂപ അനുവദിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കിയിട്ടുണ്ടെന്നും കളക്ടറില്‍ നിന്നും ഭരണാനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതോടെ പൈപ്പ് ലൈന്‍ റോഡിലൂടെയുള്ള യാത്രക്ക് ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ ക്കവസാനമാകുമെന്നും എം എല്‍ എ പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പ് ലൈന്‍ റോഡ് അവരുടെ ഫണ്ടനുവദിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് വാട്ടര്‍ അതോറിറ്റിയോടും വകുപ്പു മന്ത്രിയോടും പലവട്ടം എം എല്‍ എയും ചൂര്‍ണ്ണിക്കര പഞ്ചായത്ത് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടികളും സ്വീകരിച്ചിരുന്നില്ല. ഈ റോഡിലൂടെയുള്ള യാത്രക്ക് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും പ്രദേശവാസികളുടെ നിരന്തരമായ ആവശ്യവും പ്രത്യേകം പരിഗണിച്ചാണ്, ടൈല്‍ വിരിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയില്ലാതിരുന്നിട്ടും പ്രത്യേകാനുമതി ലഭ്യമാക്കി നിര്‍മ്മാണം നടത്തുന്നതിന് ഫണ്ടനുവദിച്ചതെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
പൈപ്പ് ലൈന്‍ റോഡിന്റെ വാട്ടര്‍ അതോറിറ്റി ഓഫീസു മുതല്‍ പട്ടേരിപുരം വരെയുള്ള ഭാഗം ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിക്കുന്നതിന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ അനുവദിച്ച ഒന്നാംഘട്ട നിര്‍മ്മാണം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.

