
ആലുവ: കേന്ദ്രസര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലക്ക് ഗുരുതരമായ ഭീഷണിയാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി പറഞ്ഞു. കെ എ ടി എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സംവിധാനത്തെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് പി എം ശ്രീയെന്നും സംസ്ഥാനത്തിന്റെ സമഗ്ര വിദ്യാഭ്യാസ മാതൃകയെ തകര്‍ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും ഇത് ‘പാഠ്യപദ്ധതിയില്‍ കാവിവത്കരണം’ നടപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് എളയൂര്‍, മുഹമ്മദ് സാലിം കെ എ, യൂനുസ് വി വൈ, അബ്ദുല്‍ റസാഖ് വാഫി, ഹഫ്‌സത്ത് പി, റജീന ടി കെ, ഖദീജ ബീവി കെ എ എന്നിവര്‍ പ്രസംഗിച്ചു.
