Featured
നിരോധിത വസ്തുക്കള്‍ കൈവശം വെക്കല്‍; നിയമങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ എംബസി സെമിനാര്‍ നടത്തി
ദോഹ: മയക്കു മരുന്ന്, നിയന്ത്രണങ്ങളുള്ള ഉത്പന്നങ്ങള്‍ കടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും സംബന്ധിച്ച് ഐ സി ബി എഫുമായി ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാറില്‍ ദോഹയിലെയും ഇന്ത്യയിലെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാള്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവര്‍ സംസാരിച്ചു. നിയന്ത്രിതക്കപ്പെട്ട മരുന്നുകളും നിരോധിക്കപ്പെട്ട വസ്തുക്കളും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ഖത്തറിന്റെ നിയമങ്ങള്‍ അംബാസഡര്‍ വിപുല്‍ തന്റെ പരാമര്‍ശത്തില്‍ എടുത്തുപറഞ്ഞു. ഖത്തറിലേക്കുള്ള യാത്രകളില്‍ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഖത്തറിന്റെ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മയക്കുമരുന്ന് പോലുള്ളവ കൈവശം വെച്ചതിന് ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചതിന്റെ ചില സംഗതികളെ കുറിച്ച് ഈഷ് സിംഗാള്‍ അവതരിപ്പിച്ചു. ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ ഏജന്റുമാര്‍ ഒരു പാക്കറ്റ് കൈമാറിയെന്നും ഖത്തറില്‍ ഇറങ്ങിയപ്പോള്‍ പാക്കറ്റില്‍ നിരോധിതമോ നിയന്ത്രിതമോ ആയ സാധനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയോ ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ സി ബി എഫ് പ്രസിഡന്റ് മയക്കുമരുന്നുകളുടെയും നിരോധിത വസ്തുക്കളുടെയും ഉപഭോഗവും കടത്തും സംബന്ധിച്ച് ഖത്തറിലെ കര്‍ശനമായ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഇന്ത്യയടക്കമുള്ള പൗരസമൂഹ സംഘടനകളോട് അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ തടവുകാര്‍ക്ക് ഇന്ത്യന്‍ എംബസിയും ഐ സി ബിഎഫും നല്‍കുന്ന സഹായവും നിയമപരമായ കൗണ്‍സിലിംഗും അടിയന്തര ഘട്ടങ്ങളില്‍ ചില സാമ്പത്തിക സഹായങ്ങളും അദ്ദേഹം വിശദമാക്കി.