Community
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നടുമുറ്റം ഖത്തര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു
ദോഹ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളെ അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ നടുമുറ്റം ഖത്തര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പ്രവാസം പ്രതികരിക്കുന്നു എന്ന തലക്കെട്ടോടെ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
കലാ സാംസ്‌കാരിക മേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനും ആഗോള തലത്തില്‍ നവോഥാന ചിന്തകള്‍ കൊണ്ടുവരാനും സിനിമകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നിരിക്കെ സിനിമാ മേഖലയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത് നിരാശയുണ്ടാക്കുന്നുണ്ട്.
തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമായിരിക്കണം. നീതി ലഭ്യമാകുന്നിടത്ത് ആണ്‍- പെണ്‍ വ്യത്യാസങ്ങളുണ്ടാവാന്‍ പാടില്ല. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതും വേതനത്തിന്റെ കാര്യത്തിലടക്കം വിവേചനം നേരിടുന്നതും മറച്ചു വെക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യങ്ങളാണെന്നും അത് ഇല്ലാതാവേണ്ട സാഹചര്യങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം ഒരുക്കേണ്ടതുണ്ട്. വളര്‍ന്നു വരുന്ന മക്കളെ അരുതായ്മകളോട് പ്രതികരിക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്. സിനിമ മാറ്റി നിര്‍ത്തേണ്ട കലയല്ലെന്നും ഇത്തരം അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധം സിനിമകള്‍ കൊണ്ടുതന്നെ സാധ്യമാകുമെന്നും
പുറത്തുവന്ന ലൈംഗിക ചൂഷണങ്ങളുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഇരകള്‍ക്ക് നീതിയും ലഭ്യമാക്കണമെന്നും ചര്‍ച്ചയില്‍ സംവദിച്ചവര്‍ പറഞ്ഞു.
ലോക കേരള സഭാംഗം ഷൈനി കബീര്‍, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, കെ എം സി സി ഖത്തര്‍ വുമണ്‍സ് ജനറല്‍ സെക്രട്ടറി സലീന കോലോത്ത്, വുമണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അര്‍ഷദ്, യുനിഖ് ജനറല്‍ സെക്രട്ടറി ബിന്ദു ലിന്‍സണ്‍, എഴുത്തുകാരി സിദ്ദിഹ, നാടക നടി മല്ലിക ബാബു, പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറിയും ഫിലിം പ്രൊഡ്യൂസറുമായ അഹമ്മദ് ഷാഫി, ആര്‍ ജെ തുഷാര, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ മാള തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
സദസ്സില്‍ നിന്ന് ഹുമൈറ അബ്ദുല്‍വാഹദ്, സഹല കോലോത്തൊടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അഹ്‌സന കരിയാടന്‍ ചര്‍ച്ച നിയന്ത്രിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം സ്വാഗതവും ലത കൃഷ്ണ നന്ദിയും പറഞ്ഞു.