
മനാമ: രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖാ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ കുടുങ്ങിയിരുന്ന അമ്മയും രണ്ട് കുട്ടികളും നാട്ടിലേക്ക് മടങ്ങി. പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യാത്ര സാധ്യമായത്.

കോഴിക്കോട് സ്വദേശിനിയായ അരുണിമ ബേബി കരിമ്പാടം കുനിയില്‍, മക്കളായ ഗ്രീവ മറിയം, സയാന്‍ മുഹമ്മദ് എന്നിവരോടൊപ്പമാണ് ബഹ്‌റൈനില്‍ കഴിഞ്ഞിരുന്നത്. കുട്ടികളുടെ ജനന രേഖകള്‍, പാസ്‌പോര്‍ട്ട്, റെസിഡന്‍സി തുടങ്ങിയ രേഖകള്‍ ലഭിക്കുന്നതിലെ കാലതാമസം കുടുംബത്തിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു.

2026 മാര്‍ച്ചില്‍ കുടുംബം സഹായത്തിനായി പി എല്‍ സി ഗ്ലോബല്‍ പി ആര്‍ ഒയും ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്തിനെയും ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജിനെയും സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രി അധികൃതര്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവരുമായി പി എല്‍ സി ഏകോപനം നടത്തി.
കുട്ടികളുടെ ജനന രേഖകള്‍ ലഭ്യമാക്കുന്നതിനായി പി എല്‍ സി പാനല്‍ അഭിഭാഷകന്‍ അഡ്വ. താരിഖ് അലോണ്‍ നിയമനടപടികള്‍ സ്വീകരിച്ചു. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ തുടര്‍ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ഇളയ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നതിന് തടസ്സമായിരുന്ന ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ കുടിശ്ശികയില്‍ ആശുപത്രി മാനേജ്‌മെന്റ് ഇളവ് അനുവദിച്ചതായും പി എല്‍ സി അറിയിച്ചു. ഇതോടെ ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സല്‍മാനിയ ആശുപത്രിയില്‍ നിന്നുള്ള ആവശ്യമായ ജനന രേഖകളും പിന്നീട് ലഭ്യമാക്കി.
നിയമനടപടികള്‍ നീണ്ടുനിന്ന കാലയളവില്‍ കുടുംബത്തിന് ഭക്ഷണവും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി സുമനസ്സുകളും എത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബും എംബസി വെല്‍ഫെയര്‍ ടീമും നല്‍കിയ പിന്തുണയ്ക്കും പി എല്‍ സി നന്ദി അറിയിച്ചു. ഇന്ത്യന്‍ എംബസി, ബഹ്‌റൈന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ എന്നിവരുടെ സഹകരണവും യാത്ര സാധ്യമാക്കുന്നതില്‍ സഹായകരമായതായി പി എല്‍ സി വ്യക്തമാക്കി.
പത്ത് മാസത്തിലേറെയായി വാടക കുടിശ്ശിക ഉണ്ടായിരുന്നിട്ടും കുടുംബത്തിന്റെ സാഹചര്യം പരിഗണിച്ച് നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കാന്‍ വീട്ടുടമ അനുവദിച്ചിരുന്നു.
എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് രാവിലെ 10.30ന് എയര്‍ ഇന്ത്യ വിമാനത്തില്‍ അരുണിമയും രണ്ട് കുട്ടികളും കൊച്ചിയിലേക്ക് മടങ്ങി.
കുട്ടികളുടെ ജനന അറിയിപ്പ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, റെസിഡന്‍സി തുടങ്ങിയ രേഖകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പി എല്‍ സി ബഹ്‌റൈനിലെ പ്രവാസി മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. രേഖകളിലെ ചെറിയ കാലതാമസം പിന്നീട് വലിയ നിയമ- ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കി.

