Connect with us

Community

വയനാടിന് ഹൃദയാഞ്ജലി അര്‍പ്പിച്ച് പ്രവാസി വെല്‍ഫെയര്‍

Published

on


ദോഹ: കേരളം കണ്ട ഏറ്റവും കൂടുതല്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞ മഹാ ദുരന്തത്തില്‍ അനുശോചിച്ചും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിച്ചും ഖത്തറിലെ പ്രവാസി സമൂഹം. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ‘വയനാടിന് ഖത്തര്‍ പ്രവാസികളുടെ ഹൃദയാഞ്ജലി’ എന്ന പരിപാടി പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറമാണ് സംഘടിപ്പിച്ചത്.

ബന്ധുക്കള്‍ നഷ്ടപ്പെട്ടവരുടെ കണ്ണുനീരില്‍ ചാലിച്ച വാക്കുകളും വയനാടിന് ഇങ്ങനെ ഒരു ഗതി ഉണ്ടാവാനുള്ള കാരണങ്ങളും തകര്‍ന്ന പ്രദേശത്തിന്റെ പുനരധിവാസത്തെ കുറിച്ചും സംസാരിച്ച പരിപാടിയില്‍ വയനാട് ജില്ലയില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍, മേപ്പാടി പരിസരത്ത് താമസിക്കുന്നവര്‍, മുന്‍ കാലങ്ങളിലെ ചെറുതും വലുതുമായി ഇത്തരം ദുരന്തങ്ങള്‍ അഭിമുഖീകരിച്ചവര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ആകുലതകളും പങ്കുവച്ച സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് വയനാട് സാക്ഷിയായിരിക്കുന്നതെന്നും മനോഹരമായ ഒരു ഗ്രാമം മഴവെള്ളപ്പാച്ചലില്‍ തുടച്ച് നീക്കപ്പെട്ടെന്നും മനസ്സിനും കണ്ണിനും കുളിരേകിയ വയനാടിനുണ്ടായ ഈ നൊമ്പരത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കാണാതായവരുടെ കണക്കുകള്‍ മരണ സംഖ്യ ഇനിയും കൂട്ടുമെന്ന ഭയം ഇപ്പോഴും ഉണ്ട്. സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. സൈന്യം, ദുരന്ത നിവാരണ സേന തുടങ്ങിയ സര്‍ക്കാര്‍ സം വിധാനങ്ങളോടൊപ്പം കേരളത്തിലെ വിവിധ യുവജന- സന്നദ്ധ സംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സരിക്കുന്ന കാഴ്ച നൊമ്പരങ്ങള്‍ക്കിടയിലും മലയാളികള്‍ എന്ന നിലയില്‍ അഭിമാനം പകരുന്നു.

ദുരന്തത്തിനിരയായവരൊക്കെ സാധാരണക്കാരാണ്. സ്വന്തക്കാര്‍ നഷ്ടപ്പെട്ടതിനു പുറമെ ജീവിതത്തില്‍ സ്വരുക്കൂട്ടി വച്ചതെല്ലാം നഷ്ടമായവരാണ്. അവരെ ചേര്‍ത്ത് നിര്‍ത്തണം. അപകട മേഖലയിലല്ലാതെ ശാസ്ത്രീയമായതും കുറ്റമറ്റരീതിയിലും പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കാണം. ജീവനോപാധി നഷ്ടമായവര്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തി നല്‍കി മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ടുവരണം. പ്രവാസി സംഘടനകളും സന്നദ്ധ സംഘടനകളും താത്കാലിക സഹായങ്ങള്‍ എന്നതില്‍ നിന്ന് മാറി പുനരധിവാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. അവരെ സാധാരണ ജീവിതത്തിലേക്ക് വഴി നടത്താന്‍ കൗണ്‍സിലിങ്ങ് ദീര്‍ഘനാളത്തേക്ക് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം, രേഖകളെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാങ്കേതികതയുടെ നൂലാമാലകളില്‍ തട്ടി ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ദുരന്തത്തില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ നോര്‍ക്കയുടെ പ്രത്യേക ഇടപെടലുകള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചെന്നും നേരത്തെ മുന്നറിയിപ്പ് തന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലുള്ളവ പരിഗണിക്കാന്‍ കാലതാമസം വരുത്തെരുതെന്നും സംഗമം അഭിപ്രായപ്പെട്ടു. ദുരന്ത മുഖത്ത് പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് വേണ്ടി മൗനപ്രാര്‍ഥനയും നടന്നു.

ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഹൃദയാഞ്ജലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, സംസ്‌കൃതി വൈസ് പ്രസിഡണ്ട് ശിഹാബ് തൂണേരി, കെ എം സി സി സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ എം പി, ഒ ഐ സി സി ഇന്‍കാസ് ട്രഷറര്‍ നൗഷാദ്, വയനാട് കൂട്ടം പ്രതിനിധി അനസ് മാസ്റ്റര്‍, വയനാടില്‍ നിന്നുള്ള ഡോ. അബൂബക്കര്‍, ഫൈസല്‍ ബത്തേരി, അനസ്, അബ്ദുസ്സമദ്, ഹാരിസ് അകരെത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് അലി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സ്വാഗതവും ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം നന്ദിയും പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!