
ദോഹ: പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ കൈനറ്റിക് കിങ്ങ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ് ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്.

ടീം തമിഴ്നാടിനെയും എം സി സി ഖത്തറിനെയും തോല്‍പ്പിച്ചാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന് എന്നിവിടങ്ങളിലെ ടീമുകളും ടൂര്‍ണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

സമാപനച്ചടങ്ങില്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്മദ്, ഐ എസ് സി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അസീം എം ടി, ഹംസ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ ആര്, മുഖ്യ പ്രായോജകരായ ഓട്രോള്‍ ടെക്നോളജീസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഷ്, ക്യു എഫ് എം സി ഇ ഒ അന്‍വര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റാസിഖ് നാരങ്ങോളി, സംഘാടക സമിതി വൈസ് ചെയര്മാന് അബ്ദുറഹീം വേങ്ങേരി, ജനറല്‍ കണ്‍വീനര്‍ മജീദ് ആപറ്റ, സംഘാടക സമിതിയംഗങ്ങളായ നജ്മല്‍ തുണ്ടിയില്‍, ബാസിം കൊടപ്പന, മുജീബ് എം കെ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രമുഖ റഫറി അമീര്‍ കളി നിയന്ത്രിച്ചു.
ഹാമില്ട്ടണ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്ക് കായിക പ്രേമികളും പൊതുജനങ്ങളുമടക്കം നൂറുകണക്കിന് പേര് സാക്ഷികളായി. കേന്ദ്ര, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമപദ്ധതികളില്‍ അംഗമാകാനുള്ള കൗണ്ടറും ഒരുക്കിയിരുന്നു.

