

കൊച്ചി: അപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതോടെ ജീവിതം വീല്‍ചെയറില്‍ ഒതുങ്ങി പോകുമായിരുന്ന പ്രവീണ്‍ ഇനി കൊച്ചിയുടെ തെരുവുകളില്‍ ഓട്ടോ റിക്ഷയുമായി ഉണ്ടാവും.

കോതമംഗലം പീസ് വാലി ഫൗണ്ടേഷനാണ് പ്രവീണിന് ഉപജീവനത്തിനായി ഓട്ടോ റിക്ഷ നല്‍കിയത്. ഭിന്നശേഷിക്കാര്‍ക്കായി ഉപയയോഗിക്കാവുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ വരുത്തിയാണ് ഓട്ടോറിക്ഷ നല്‍കുന്നത്.

കെ എസ് ഇ ബിയില്‍ കരാര്‍ ജോലിക്കാരനായിരുന്ന പ്രവീണ്‍ 2020ല്‍ ആണ് പള്ളുരുത്തിയില്‍ വെച്ച് ജോലിക്കിടെ വൈദ്യുതി പോസ്റ്റില്‍ നിന്നും വീണ് നട്ടെല്ലിന് ഗുരുതര പരിക്കേത്. കരാര്‍ ജോലി കഴിഞ്ഞുള്ള സമയത്ത് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അപകടത്തിന് ശേഷം ചികിത്സക്കായി ഓട്ടോറിക്ഷ വില്‍ക്കേണ്ടി വന്നു.
നാളുകള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷം വീല്‍ചെയറില്‍ ഇരിക്കാവുന്ന രീതിയില്‍ പ്രവീണ്‍ ജീവിതത്തിലേക്ക് തിരിച്ച് എത്തിയെങ്കിലും അതിജീവനം ചോദ്യചിഹ്നമായി.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കോതമംഗലം പീസ് വാലിയില്‍ പ്രവീണ്‍ ചികിത്സക്കായി എത്തുന്നത്
പീസ് വാലിക്ക് കീഴിലെ നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ പുനരധിവാസ കേന്ദ്രത്തില്‍ മൂന്നു മാസത്തെ ചികിത്സയിലൂടെ പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവീണ്‍ പര്യാപ്തനായി. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുന്ന നിര്‍ധനരായ ചെറുപ്പക്കാര്‍ക്ക് പീസ് വാലി നല്കുന്ന സ്വയം തൊഴില്‍ പദ്ധതി വഴിയാണ് പ്രവീണിന് ഓട്ടോ റിക്ഷ ലഭിച്ചത്.
പീസ് വാലിയുടെയും ഗുണഭോക്താവിന്റെയും വിഹിതങ്ങള്‍ ചേര്‍ത്താണ് പദ്ധതിക്കുള്ള തുക കണ്ടെത്തുക. ഗുണഭോക്താവിന്റെ പേരിലാണ് വാഹനം നല്‍കുന്നത്. ഓട്ടോ റിക്ഷയുടെ ബ്രേക്ക് കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്നത്. ഒപ്പം വീല്‍ചെയറില്‍ നിന്നും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സാധിക്കുന്ന രീതിയില്‍ ഡ്രൈവര്‍ സീറ്റ് പുഷ് ബാക്ക് മോഡലില്‍ ക്രമീകരിക്കും.
സംസ്ഥാനത്ത് ഉടനീളം ഇതിനോടകം ഏഴു പേര്‍ക്ക് ഇത്തരത്തില്‍ ഓട്ടോ റിക്ഷ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ യൂണിറ്റ്, സൈക്കിള്‍ റിപ്പയര്‍ യൂണിറ്റ് എന്നീ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
പീസ് വാലിയില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന് പ്രവീണിന് ഓട്ടോ റിക്ഷയുടെ താക്കോല്‍ കൈമാറി. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രവീണിന്റെത്.
ഒരിക്കല്‍ കൈവിട്ടു പോയ ജീവിതവും ഓട്ടോ റിക്ഷയും പീസ് വാലിയുടെ കരുത്തില്‍ തിരികെ എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവീണും കുടുംബവും.

