

കൊച്ചി: ലീലാമേനോന്‍ പത്രപ്രവര്‍ത്തന രംഗത്ത് ഉദാത്ത മാതൃകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയും നയതന്ത്ര വിദഗ്ധനുമായ വേണു രാജാമണി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീലാമേനോനെ പോലെയുള്ള പത്രപ്രവര്‍ത്തകരെയാണ് ഇന്നാവശ്യം. സുധീരമായ നിലപാടുകളും വാര്‍ത്തകളിലൂടെ സാമൂഹികമായ ഇടപെടലുകളും നടത്തിയ വലിയ വ്യക്തിത്വമായിരുന്നു അവര്‍. പത്രപ്രവര്‍ത്തകനായി രണ്ടുവര്‍ഷം കൊച്ചിയില്‍ ജോലി ചെയ്ത കാലത്ത് ലീലാ മേനോന്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്ന് വേണു രാജാമണി ഓര്‍മിച്ചു.


സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ സി നാരായണന് ചടങ്ങില്‍ വേണു രാജാമണി സമ്മാനിച്ചു. 40 വര്‍ഷത്തില്‍ അധികം പ്രവൃത്തിപരിചയമുള്ള തനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് ആണിതെന്ന് കെ സി നാരായണന്‍ പറഞ്ഞു.
മികച്ച റിപ്പോര്‍ട്ടറിനുള്ള അവാര്‍ഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ കെ ഉണ്ണികൃഷ്ണന്‍, മികച്ച ഫോട്ടോഗ്രാഫറിനുള്ള അവാര്‍ഡ് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ജോസ്‌കുട്ടി പനക്കല്‍, മികച്ച ചാനല്‍ റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം ആന്‍സി അന്ന എന്നിവര്‍ ഏറ്റുവാങ്ങി.
സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം സി ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പി സുജാതന്‍, പ്രകാശ് ചന്ദ്രന്‍, ഹേമ ടി തൃക്കാക്കര എന്നിവര്‍ സംസാരിച്ചു. പി രാജന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന സദസ്സില്‍ ആയിരുന്നു സമ്മാന വിതരണം. ഡിസംബര്‍ 19 വരെയാണ് പുസ്തകോത്സവം നടക്കുന്നത്.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനം ഭാരതീയ ഭാഷാ ദിവസമായി ആചരിച്ചു. ചടങ്ങില്‍ ഇ എന്‍ നന്ദകുമാര്‍ സുബ്രഹ്മണ്യഭാരതി അനുസ്മരണം നടത്തി. ഡോ എം സി ദിലീപ് കുമാര്‍ സംസാരിച്ചു.
വൈകിട്ട് സുബ്രഹ്മണ്യഭാരതി അനുസ്മരണത്തിന്റെ ഭാഗമായി ഭാരതിയാര്‍- ദി തമിള്‍ കുയില്‍ എന്ന മ്യൂസിക്കല്‍ പ്രോഗ്രാം ഗിരിനഗര്‍ ഭവന്‍സിലെ കുട്ടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുല്ലാങ്കുഴല്‍ കച്ചേരിയും നൃത്ത സന്ധ്യയും വേദിയില്‍ നടന്നു.

