

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പുതിയ അല്‍ ഖോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി പ്രാഥമികാരോഗ്യ സേവനങ്ങള്‍, ആരോഗ്യ- സുഖ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ക്ലിനിക്കുകളെയും വകുപ്പുകളെയും കുറിച്ച് ചോദിച്ചറിഞ്ഞു. പുതിയ ഹെല്‍ത്ത് സെന്ററില്‍ രോഗികള്‍ക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു നല്‍കി.

പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നല്‍കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ സമഗ്രമായ വിപുലീകരണത്തിന്റെയും നിരന്തരമായ നവീകരണത്തിന്റെയും ഭാഗമായാണ് കേന്ദ്രം തുറക്കുന്നത്.

