
ദോഹ: ഖത്തറിലെ പ്രമുഖ എഫ് എം സി ജി വിതരണ കമ്പനികളിലൊന്നായ പ്രോഗ്രസീവ് മാര്‍ക്കറ്റിംഗ് ഹൊറേക്ക (ഹോട്ടല്‍, റെസ്റ്റോറന്റ്, കഫേ, കാറ്ററിംഗ്) മേഖലയിലേക്ക് യൂണികൈ ഫുഡ്‌സ് പിജെ എസ് സിയുടെ യൂണികൈ ഐസ്‌ക്രീം ഔദ്യോഗികമായി അവതരിപ്പിച്ചു. ഖത്തര്‍ വിപണിയിലേക്കുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷ്യ- പാനീയ ഉത്പന്ന ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ലോഞ്ച്.

മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക മേഖലകളിലെ പ്രമുഖ എഫ് എം. സി ജി നിര്‍മ്മാതാക്കളിലൊന്നായ യൂണികൈ ഫുഡ്‌സും ഖത്തറില്‍ 47 വര്‍ഷത്തിലേറെ റീട്ടെയില്‍, ഹോള്‍സെയില്‍, വിതരണ രംഗങ്ങളില്‍ പ്രവര്‍ത്തനപരിചയമുള്ള ഫാമിലി ഫുഡ് സെന്റര്‍ ഗ്രൂപ്പിന്റെ ഭാഗമായ പ്രോഗ്രസീവ് മാര്‍ക്കറ്റിംഗും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ നീക്കം.

1977ല്‍ സ്ഥാപിതമായ യൂണികൈ ഫുഡ്‌സ്, പാല്‍ ഉത്പന്നങ്ങള്‍, ജ്യൂസുകള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ഐസ്‌ക്രീമുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത് ജി സി സി, മെന മേഖലകളില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡാണ്.
ലോഞ്ച് ചടങ്ങില്‍ യൂണികൈ ഫുഡ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നീരജ് വോഹ്‌റ, ഫാമിലി ഫുഡ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി പി ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ഖത്തര്‍ വിപണിയില്‍ വളര്‍ച്ചയും ദീര്‍ഘകാല മൂല്യസൃഷ്ടിയും ലക്ഷ്യമിടുന്ന സംയുക്ത ദര്‍ശനത്തിന്റെ പ്രതിഫലനമായിരുന്നു ചടങ്ങ്.
വേഗത്തില്‍ വളരുന്ന ഖത്തറിലെ ഹൊറേക്ക മേഖലയിലേക്ക് യൂണികൈ ഐസ്‌ക്രീം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും യൂണികൈയുടെ ഉത്പാദന മികവും പ്രോഗ്രസീവ് മാര്‍ക്കറ്റിംഗിന്റെ ശക്തമായ വിതരണ ശൃംഖലയും ഒന്നിക്കുന്ന പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വലിയ മൂല്യം നല്‍കുമെന്ന് പ്രോഗ്രസീവ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ മുഹമ്മദ് കബീര്‍ പറഞ്ഞു.
ഖത്തര്‍ യൂണികൈയ്ക്ക് തന്ത്രപ്രധാന വിപണിയാണെനനും ഹൊറേക്ക മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പ്രോഗ്രസീവ് മാര്‍ക്കറ്റിംഗുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉയര്‍ന്ന നിലവാരമുള്ള നവീന ഐസ്‌ക്രീം ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ലോഞ്ചെന്നും യൂണികൈ ഫുഡ്‌സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി.

