

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 അരങ്ങേറുമ്പോള്‍ താമസ വിസയുള്ളവര്‍ക്ക് പ്രവേശനം വിലക്കുമെന്ന അഭ്യൂഹം ശരിയല്ലെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ നാമ പറഞ്ഞു. ഖത്തര്‍ ടി വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തരികള്ക്കോ താമസക്കാര്‍ക്കോ ഖത്തറില്‍ നിന്നും പുറത്തേക്കോ ഖത്തറിലേക്കോ യാത്ര ചെയ്യുന്നതിന് യാതൊരു വിലക്കും ലോകകപ്പ് സമയത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കിംവദന്തികള്‍ ശരിയല്ല. പൗരന്മാരും താമസക്കാരും യാത്ര ചെയ്ത് പുറത്തേക്ക് പോകുന്നത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ ലോകകപ്പില്‍ പങ്കെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം എന്നു കരുതി അവര്‍ക്ക് പോകാനാവില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വിശദമാക്കി.

ലോകകപ്പ് അരങ്ങേറിക്കൊണ്ടിരിക്കെ രാജ്യത്തേക്കുള്ള പൗരന്മാരുടേയും താമസക്കാരുടേയും പ്രവേശനം നിയന്ത്രിക്കുമോ എന്ന ചോദ്യം ഉയന്നപ്പോഴാണ് അല്‍ നാമ ഈ മറുപടി നല്‍കിയത്. അടുത്ത ജൂലായ് മാസത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം.
ഇത്തരം അഭ്യൂഹങ്ങള്‍ നിരവധി താമസക്കാര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തരമൊരു പ്രചരണത്തിന്റെ സാധുതയില്‍ സംശയം ഉയര്‍ന്നിരുന്നുവെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ അതുമായി ബന്ധപ്പെട്ട് നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിരുന്നില്ല.
ലോകകപ്പ് പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വ്യാപ്തിയുള്ളത് സ്റ്റേഡിയങ്ങള്ക്കാണെന്നും അവ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ ഖത്തര്‍ തിളങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ തയ്യാറെടുപ്പുകള്‍ 100 ശതമാനമാകുന്നതിലേക്ക് എത്തിയിട്ടുണ്ട്. ആരാധകരുടെ അനുഭവം മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

