ക്യൂബയില്‍ പ്രസിഡന്റിനെതിരെ കടുത്ത പ്രതിഷേധം; പിന്നില്‍ അമേരിക്കയെന്ന് പ്രസിഡന്റ്

Web Desk
2 Min Read
People take part in a demonstration against the government of Cuban President Miguel Diaz-Canel in Havana, on July 11, 2021. - Thousands of Cubans took part in rare protests Sunday against the communist government, marching through a town chanting "Down with the dictatorship" and "We want liberty." (Photo by YAMIL LAGE / AFP)

ഹവാന: ക്യൂബയിലെ പ്രധാന നഗരങ്ങളില്‍ പ്രസിഡിന്റ് മിഗ്വേല്‍ ഡയസ് കനെലിനെതിരെ വന്‍ പ്രതിഷേധം. സ്വാതന്ത്യം വേണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.
വൈദ്യുതിക്കും ഭക്ഷണത്തിനും ക്ഷാമം അനുഭവപ്പെട്ടതും കോവിഡ് രോഗബാധ നിയന്ത്രണാതീതമായി തുടരുന്നതുമാണ് ക്യൂബന്‍ ഭരണത്തിനെതിരെ തെരുവിലിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.
ഫിഡല്‍ കാസ്ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയാണ് ഡയസ് കനെല്‍. 2018 മുതല്‍ ഇദ്ദേഹമാണ് ക്യൂബന്‍ പ്രസിഡന്റ്.
മുപ്പത് വര്‍ഷത്തിനിടെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ക്യൂബ നേരിടുന്നത്.
ക്യൂബന്‍ പ്രതിഷേധങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തില്‍ നിന്നും മോചനം തേടിയുള്ള ക്യൂബന്‍ ജനതയുടെ പോരാട്ടത്തോടൊപ്പമാണ് യു എസെന്ന് ബൈഡന്‍ പറഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനും ആശ്വാസത്തിനും വേണ്ടിയുള്ള ആഹ്വാനം എന്നാണ് ബൈഡന്‍ ക്യൂബന്‍ പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. ക്യൂബന്‍ ജനങ്ങള്‍ ധീരവും മൗലികവും സാര്‍വത്രികവുമായ അവകാശങ്ങളാണ് ഉറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും സ്വന്തം ഭാവി നിര്‍ണയിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ളവ മാനിക്കപ്പെടണം. സ്വയം സമ്പന്നരാകുന്നതിന് പകരം സുപ്രധാന നിമിഷത്തില്‍ ജനങ്ങളെ ശ്രദ്ധിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അമേരിക്ക ക്യൂബന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതായും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.
ക്യൂബയിലെ വലിയ നഗരങ്ങളായ ഹവാന, സാന്റിയാഗോ, സാന്താ ക്ലാര, മാതാന്‍സാസ്, സിയാന്‍ഫഅയൂഗോസ്, ഹോള്‍ഗ്വാന്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ചെറിയ നഗരങ്ങളായ സാന്‍ അന്റോണിയോ ഡി ലോസ് ബനോള്‍സ്, പാമ സൊറിയാനോ, കോര്‍ഡെനാസ്, കോളന്‍, ഗൈറ ഡി മെലീന, ആര്‍ട്ടെമിസ എന്നിവിടങ്ങളിലും പ്രതിഷേധം തുടങ്ങി.
കാപ്പിറ്റോള്‍ കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പത്തു പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനക്കാര്‍ക്കു നേരെ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ ഉപയോഗിച്ച് പൊലീസ് മര്‍ദ്ദനം നടത്തിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ഹവാനയില്‍ നിന്നും 30 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സാന്‍ അന്റോണിയോ ഡി ലോസ് ബാനോസ് പട്ടണത്തില്‍ പ്രകടനം നടന്നതിന് പിന്നാലെ പ്രസിഡന്റ് നഗരം സന്ദര്‍ശിച്ചു.
വൈദ്യുത പ്രതിസന്ധിയാണ് ചില പ്രതികരണങ്ങള്‍ക്ക് കാരണമായതെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കനെല്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് പ്രതിസന്ധിക്ക് കാരണമെന്നും പുതിയ പ്രസിഡന്റ് ജോ ബൈഡനും അതേ നയമാണ് തുടരുന്നെന്നും ഡയസ് കനെല്‍ പറഞ്ഞു. ഒരു ക്യൂബന്‍- അമേരിക്കന്‍ മാഫിയയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തിച്ചതെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!