Connect with us

Community

ഫോക്കസ് ഇന്റര്‍നാഷണല്‍ മാനസികാരോഗ്യ കാമ്പയിന് പ്രൗഢമായ തുടക്കം

Published

on


ദോഹ: കോവിഡ് മഹാമാരിയടക്കം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലോകജനതക്ക് സമാധാന സന്ദേശവുമായി മാനസികാരോഗ്യ കാമ്പയിന് തുടക്കം കുറിച്ച് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍. പ്രതീക്ഷ കൈവിടരുത് എന്നര്‍ഥം വരുന്ന ”ഡോണ്ട് ലൂസ് ഹോപ്പ്” എന്ന തലക്കെട്ടില്‍ ഫോക്കസ് ഖത്തര്‍ യൂട്യൂബ് ചാനല്‍ വഴി നടന്ന കാമ്പയിന്‍ ഉദ്ഘാടനം ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി നിര്‍വ്വഹിച്ചു.

ജനുവരി മുതല്‍ ഏപ്രില്‍ ഒന്ന് വരെ മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ ജനോപകാരപ്രദമായ നിരവധി പരിപാടികളുമായി ഫോക്കസ് മുന്നിട്ടിറങ്ങുമെന്ന് സി ഇ ഒ അറിയിച്ചു. മാറിവരുന്ന സാമൂഹ്യ സാഹചര്യത്തില്‍ മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രയാസപ്പെടുന്നവര്‍ വര്‍ധിച്ചു വരുന്നതായാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. കോവിഡ് കാലത്തെ ജീവിത സാഹചര്യങ്ങള്‍ പ്രൊഫഷണല്‍ ജീവനക്കാര്‍ മുതല്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ വരെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. അത്തരം ആളുകളെ സര്‍വെകളിലൂടെ കണ്ടെത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കാമ്പയിന്‍ കൊണ്ട് സാധിക്കുമെന്ന് സി ഇ ഒ പ്രത്യാശിച്ചു.

പരിപാടിയില്‍ പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും യൂട്യൂബറുമായ സി പി ശിഹാബ് ഒപ്റ്റിമിസം, പോസിറ്റിവിറ്റി എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. ജന്‍മനാ കൈകാലുകളില്ലാത്ത തന്റെ ജീവിത കഥയിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള അവതരണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ഉണ്ടെങ്കില്‍ ജീവിത പ്രതിസന്ധികളെ എളുപ്പം തരണം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്യുബിലിറിയം എന്ന വിഷയത്തില്‍ യുവവാഗ്മിയും റേഡിയോ ഇസ്‌ലാം ടീം അംഗവുമായ സാജിദ് റഹ്മാന്‍ ഇ കെ സംസാരിച്ചു. ഹാപ്പിനസ് എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റും ആല്‍ക്കമി ഓഫ് ഹാപ്പിനെസ്സ്, ടീം ഇന്‍ക്യൂബേഷന്‍ എന്നിവയുടെ ഫൗണ്ടറുമായ സയ്യിദ് ഷഹീര്‍ ക്ലാസെടുത്തു.

കാമ്പയിന്‍ കണ്‍വീനറും സോഷ്യന്‍ വെല്‍ഫെയര്‍ മാനേജറുമായ ഡോ. റസീല്‍ കാമ്പയിനിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍, പ്രൊഫഷണല്‍ ജീവനക്കാര്‍, കാന്‍സര്‍ രോഗികള്‍, പ്രായമായവര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള ആളുകള്‍ക്കായി പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രഫി, മത്സരങ്ങള്‍ കൂടാതെ സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാ- കായിക മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

ഫഹ്‌സിര്‍ റഹ്മാന്‍ നിയന്ത്രിച്ച പരിപാടിയില്‍ ഫോക്കസ് ഖത്തര്‍ സി ഒ ഒ അമീര്‍ ഷാജി, സി എഫ് ഒ സഫീറുസ്സലാം, മന്‍സൂര്‍ ഒതായി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!