ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം നടത്തിയെന്ന് ഇറാന്‍

Web Desk
1 Min Read

തെഹ്റാന്‍: ബഹ്റൈനിലെ ആമസോണിന്റെ കേന്ദ്ര ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിക്കുകയും തകര്‍ക്കുകയും ചെയ്യതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി) അവകാശപ്പെട്ടു. ഐ ആര്‍ ജി സിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

city exchange

ബഹ്റൈനിലെ അമേരിക്കന്‍ കമ്പനിയായ ആമസോണിന്റെ കേന്ദ്ര ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ ഐ ആര്‍ ജി സി നിരവധി ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അത് നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഹ്റൈനിലെ മുഹറഖ്, റിഫ്ഫ മേഖലകളിലെ അമേരിക്കന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും റഡാര്‍ കേന്ദ്രങ്ങള്‍ക്കും നേരെയും ആക്രമണം നടത്തിയതായി ഐ ആര്‍ ജി സിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വൈദ്യുതി ഉത്പാദന നിലയങ്ങള്‍ക്കും കടല്‍ജലം ശുദ്ധീകരിക്കുന്ന ഡീസലിനേഷന്‍ പ്ലാന്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കുവൈത്ത് അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇത്തരം ആക്രമണം ഉണ്ടായതെന്നും വിവിധ കേന്ദ്രങ്ങളില്‍ തീപിടിത്തമുണ്ടായതായും കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രസ്താവിച്ചു.

- Advertisement -
Ad image

വൈദ്യുതി ഗ്രിഡുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കുവൈത്ത് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടയ്ക്കിടെ നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും സംഘര്‍ഷത്തിന് ശമനമായിട്ടില്ല.

അമേരിക്കയുടെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതോ അവരുടെ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കുന്നതോ ആയ മേഖലയിലെ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന വാണിജ്യ കപ്പല്‍ഗതാഗതത്തെ ആക്രമിക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന ശേഷി ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ സൈനിക നടപടികളെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!