പി ടി തോമസ്; ആദര്‍ശ ധീരനും അതുല്യനുമായ നേതാവ്

Web Desk
2 Min Read

‘ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി…….’

city exchange

പ്രകൃതിയേയും ജനങ്ങളേയും സംഗീതത്തേയും പ്രണയിച്ച കോണ്‍ഗ്രസ നേതാവായിരുന്ന പി ടി തോമസ് വിടവാങ്ങിയിട്ട് ഡിസംബര്‍ 22ന് രണ്ടുവര്‍ഷം തികയുന്നു. എന്നും എക്കാലത്തും എല്ലാവരാലും അനുസ്മരിക്കപ്പെടുന്ന നേതാക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും നിലയില്‍ പ്രമുഖനാണ് പി ടി തോമസ്.

ഇടുക്കി ജില്ലയിലെ ഉപ്പുതറയില്‍ ജനിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തൊടുപുഴയിലും തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും കോളേജ് വിദ്യാഭ്യാസവും നിയമ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി ഇടുക്കിയും എറണാകുളവും രാഷ്ട്രീയ തട്ടകമാക്കിയെങ്കിലും എറണാകുളത്ത് സജീവ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു.

ആദര്‍ശദീരനായ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനമൊട്ടാകെ പടര്‍ന്ന പന്തലിച്ച വ്യക്തിത്വമായിരുന്നു പി ടി തോമസിന്റേത്.

- Advertisement -
Ad image

വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് മൂന്ന് വട്ടം എം എല്‍ എയും ഒരുവട്ടം എം പിയുമായി രാഷട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടേയും വിദ്യാര്‍ഥികളുടേയും യുവജനങ്ങളുടേയും ആരാധനയും ബഹുമാനവും നേടിയ ജനകീയ നേതാവായിരുന്നു പി ടി തോമസ്.

ആദര്‍ശങ്ങളും നിലപാടുകളും പണയം വെക്കാതെയും അടിയറവെക്കാതായും പൊതുനന്മയ്ക്കായ് എക്കാലവും പൊരുതി ജീവിച്ച കോണ്‍ഗ്രസ്് നേതാവായിരുന്നു പി ടി എന്ന ചുരുക്കപ്പേരില്‍ എല്ലാവരും വിളിക്കുന്ന പി ടി തോമസ്.

കക്ഷി രാഷ്ട്രീയത്തിനപ്പുറത്തും വലിയൊരു വിദ്യാര്‍ഥി യുവജന പൊതുജന സൗഹൃദവലയത്തിനുടമയായിരുന്നു പി ടി.

ആകര്‍ഷകമായ വ്യക്തിത്വവും നിലപാടുകളിലെ നിസ്വാര്‍ഥതയും കാര്‍ക്കശ്യവും സത്യസന്ധതയുമാണ് പി ടിയ്ക്ക് തന്റെ രാഷ്ട്രീയത്തിനപ്പുറത്തേക്കും ആരാധകരെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതെന്നുള്ളത് ആദര്‍ശ രാഷ്ട്രീയത്തിന് പിന്‍മുറക്കാരും പിന്തുണക്കാരും എന്നും ഉണ്ടാകുമെന്നുള്ളതിന് തെളിവാകുന്നു.
മത്സരിച്ച തെരെഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിനപ്പുറത്തും എതിര്‍ചേരിയില്‍ നിന്ന് പോലും വോട്ടുകള്‍ നേടാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളിലൊരാളായിരുന്നു പി ടി തോമസ്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് എഴുപതുകളിലും എണ്‍പതുകളിലുമെലാല്ലാം വന്‍ മുന്നേറ്റങ്ങളുണ്ടായത് ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രുപമായി വിളങ്ങിയ പി ടിയുടേയും അദ്ദേഹത്തിന്റെ സമകാലികരായി ഒപ്പമുണ്ടായിരുന്ന നേതൃത്വത്തിന്റേയും പ്രവര്‍ത്തന ഫലമായാണെന്ന് ഈ അവസരത്തില്‍ സ്മരിക്കുകയാണ്.

കേരളത്തിലെ വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ അവകാശാധികാരങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടങ്ങള്‍നടത്തി വിജയിപ്പിക്കുവാന്‍ കഴിഞ്ഞത് പി ടിയുടെ നേതൃത്വത്തിലുണ്ടായ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് ഓര്‍മ്മിക്കുന്നു.
നിലപാടുകളോടുള്ള സത്യസന്ധതകൊണ്ട് സ്വന്തം നേതൃത്വത്തോട് തന്നെ അദ്ദേഹത്തിന് ഇടയേണ്ടി വന്ന പല അവസരങ്ങളും വിദ്യാര്‍ഥി കേരളം കണ്ടതാണ്.

അധികാര കസേരകളേയും പാര്‍ലിമെന്ററി വ്യാമോഹങ്ങളേയുംപദവികളേയും ഒരിക്കലും പ്രണയിക്കാതെ ജനങ്ങളേയും പ്രത്യയശാസ്ത്രത്തേയും പ്രകൃതിയേയും പ്രവര്‍ത്തകരേയും പ്രണയിച്ച പി ടി ജനമനസ്സില്‍ എന്നും അനശ്വരനാണ്.

മതേതര ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച് ആദര്‍ശത്തിലടിയുറച്ചതന്റെ പൊതുജീവിതത്തില്‍ സമഭാവനയുടെയും സദ്ഭാവനയുടേയും കാവലാളാകന്‍ കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം എന്നും വിലമതിച്ചിരുന്നു.പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി തന്റെ നിര്‍ദ്ദേശങ്ങള്‍ക്കും നിലപാടുകള്‍ക്കും വേണ്ടി ശക്തിയായി നിലകൊണ്ട് സ്വസമുദായ മേലധ്യക്ഷന്മാരുടെ എതിര്‍പ്പും വെറുപ്പും നേരിട്ട നേതാവാണ് പി ടി.

അതേതുടര്‍ന്ന് ഒരു മത മേലധ്യക്ഷന്റെ നേതൃത്വത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ശവസംസ്‌കാര ഘോഷയാത്രയും ചടങ്ങും നടത്തിയത് നേരിട്ട് കാണാനിടയാകേണ്ടിവന്ന ഒരുപക്ഷെ ആധുനിക കാലഘട്ടത്തിലെ ഏക രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസെന്ന് കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര പുസ്തകം രേഖപ്പെടുത്തും.

ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായി, നിലപാടുകളുടെ രാജകുമാരനായി, പ്രകൃതിയേയും സംഗീതത്തേയും പ്രണയിച്ച് രാഷ്ട്രീയത്തിനപ്പുറം ജനമനസ്സില്‍ കുടിയിരുന്ന ആദര്‍ശത്തിന്റെ രാജകുമാരന്‍ അനശ്വരനായ പി ടി തോമസിന്റെ പാവന സ്മരണയ്ക് മുന്‍പില്‍ കണ്ണീര്‍ പൂക്കളോടെ പ്രണാമം.

Share This Article
Leave a Comment
error: Content is protected !!