സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കണ്ണൂര്‍ വോറിയേഴ്‌സ് ഇന്ന് കൊച്ചിയില്‍ പോരാട്ടത്തിനിറങ്ങും

Web Desk
5 Min Read
മിബു ജോസ് നെറ്റിക്കാടനും ജോണ്‍ ഗില്‍ബര്‍ട്ടും

ദോഹ: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ ഖത്തറിലെ മലയാളി വ്യവസായികളുടെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ വോറിയേഴ്‌സ് ഫുട്ബാള്‍ ക്ലബ് ഇന്ന് കൊച്ചിയുടെ മണ്ണില്‍ ഫോഴ്‌സ കൊച്ചി ഫുട്ബാള്‍ ക്ലബ്ബിനെ നേരിടും.

city exchange

വൈകിട്ട് 7ന് കൊച്ചി കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഴാം റൗണ്ടിലെ അവസാന മത്സരം സെമിയിലേക്ക് കടക്കാനുള്ള പോരാട്ടങ്ങളില്‍ പ്രധാനമാണ്.

ഡോ. എം പി ഹസ്സന്‍കുഞ്ഞി, മിബു ജോസ് നെറ്റിക്കാടന്‍, കെ എം വര്‍ഗ്ഗീസ്‌

‘ഇതുവരെ കളിച്ച ആറു റൗണ്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയിച്ച ആത്മവിശ്വാസത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ സെമി ഉറപ്പിക്കാനുള്ളതാണെന്ന്’ കണ്ണൂര്‍ വോറിയേഴ്‌സിന്റെ ഉടമകളിലൊരാളും ദോഹയിലെ കാസില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ മിബു ജോസ് നെറ്റി ക്കാടന്‍ ആഗോള വാര്‍ത്തയ്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ പ്രഫഷനല്‍ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരള (എസ് എല്‍ കെ) ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്തംബര്‍ 7ന് കൊച്ചിയില്‍ ആരംഭിച്ചു. നവംബര്‍ 10ന് കൊച്ചിയില്‍ തന്നെ ഫൈനല്‍ മത്സരം നടക്കും.

- Advertisement -
Ad image
ആസിഫ് അലി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കും (ഐ എസ് എല്‍) ഐ ലീഗിലേക്കും കേരളത്തിന്റെ യുവ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എസ് എല്‍ കെ ഇന്ത്യയില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഒരേ ഒരു സൂപ്പര്‍ ലീഗാണെന്ന് മിബു ജോസ് നെറ്റിക്കാടന്‍ പറഞ്ഞു.

സംസ്ഥാനത്തെ നാല് സ്റ്റേഡിയങ്ങളിലായി നടക്കുന്ന 33 മത്സരങ്ങളില്‍ ആറു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന പോരാട്ടങ്ങളില്‍ ഇതുവരെ 20 മത്സരങ്ങള്‍ കഴിഞ്ഞു.
കണ്ണൂര്‍ വോറിയേഴ്‌സ് എഫ് സി, കാലിക്കറ്റ് എഫ് സി, മലപ്പുറം എഫ് സി, തൃശ്ശൂര്‍ മാജിക് എഫ് സി, ഫോഴ്‌സ കൊച്ചി എഫ് സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി എന്നീ ക്ലബ്ബുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

വിദേശ, ഇന്ത്യന്‍ താരങ്ങളുടെ നീണ്ടനിരയുള്ള ക്ലബ്ബുകളില്‍ നിക്ഷേപകരായി ചലച്ചിത്ര, വ്യവസായ, കായിക മേഖലകളില്‍ നിന്നുള്ളവരാണ്.

കേരത്തിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും പുതിയ പ്രതിഭകളെ കണ്ടെത്താനും ലീഗ് മത്സരങ്ങള്‍ക്ക് കഴിയും.

കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന് മാറ്റത്തിന്റെ പുത്തനുണര്‍വ്വ് നല്‍കാന്‍ ലീഗില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ക്ക് കഴിയുമെന്ന് കണ്ണൂരിന്റെ മുഖമായ കണ്ണൂര്‍ വോറിയേഴ്‌സിന്റെ ഉടമയും ഫുട്‌ബോള്‍ പ്രേമിയുമായ മിബു ജോസ് നെറ്റിക്കാടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഏഴ് വിദേശ കളിക്കാരും വിദേശ കോച്ചുമടങ്ങുന്ന കണ്ണൂര്‍ വോറിയേഴ്‌സ് ക്ലബ്ബിന്റെ ചെയര്‍മാന്‍ ഖത്തറിലെ പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടറുമായ ഡോ. എം പി ഹസ്സന്‍ കുഞ്ഞിയാണ്.

ചെയര്‍മാനുള്‍പ്പെടെ ഏഴു പേരടങ്ങുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ മിബു ജോസിനെ കൂടാതെ ഖത്തറിലെ വ്യവസായിയും ഐ ബി പി സിയുടെ മുന്‍ പ്രസിഡണ്ടുമായ കെ എം വര്‍ഗീസ്, പ്രശസ്ത സിനിമാനടന്‍ ആസിഫ് അലി (സെലിബ്രിറ്റി ഓണര്‍),
ഡോ. അജിത്, മുഹമ്മദ് മദനി, മുഹമ്മദ് സാലിഹ് എന്നിവരും ഉള്‍പ്പെടുന്നു.

‘കണ്ണൂരിന് സ്വന്തമായ് ഒരു ടീം വേണമെന്ന് ആഗ്രഹിച്ചു. കണ്ണൂരിന് പ്രൗഢമായ ഒരു ഫുട്‌ബോള്‍ ചരിത്രമുണ്ട്. കണ്ണൂര്‍ ഫുട്‌ബോളിന്റെ പ്രതാപകാലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. അതിനൊരു തുടര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
സ്‌പോര്‍ട്‌സിലൂടെ കണ്ണൂരിന്റെ വികസനം കൂടി ഞാന്‍ പ്രതീക്ഷിക്കുന്നു.’ ചെയര്‍മാന്‍ ഡോ. എം പി ഹസ്സന്‍ കുഞ്ഞി തന്റെ സന്ദേശത്തില്‍ പറഞ്ഞു.

‘കാല്‍ പന്തുകളിക്ക് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലും വന്‍ ആരാധക വൃന്ദമാണുള്ളത്. അതില്‍ അനവധി ഫുട്‌ബോള്‍ പ്രതിഭകളുമുണ്ട്. അവരെ കണ്ടെത്തി വേണ്ട പ്രോത്സാഹനവും ലോക നിലവാരത്തിലുള്ള പരിശീലനവും നല്‍കി കളിക്കാരേയും മത്സരങ്ങളേയും അന്തരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയും കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോള്‍ തലസ്ഥാനമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’- ഖത്തറിലെ വ്യവസായിയും ഐ ബി പി സിയുടെ മുന്‍ പ്രസിഡണ്ടും കണ്ണൂര്‍ വോറിയേഴ്‌സിന്റെ ഉടമകളിലൊരാളുമായ കെ എം വര്‍ഗ്ഗീസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ബംഗാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളുള്ള കേരളത്തില്‍ നിന്ന് രാജ്യാന്തര നിലവാരമുള്ള കളിക്കാരെ സൃഷ്ടിക്കാനുള്ള കളരിയായിരിക്കും കണ്ണൂര്‍ വോറിയേഴസ് എന്ന് ഉടമകളിലൊരാളായ
ഡോ. അജിത് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

25 കളിക്കാര്‍ അടങ്ങുന്ന കണ്ണൂര്‍ വോറിയേഴ്‌സിന്റെ മുഖ്യപരിശീലകന്‍ സ്‌പെയിനില്‍ നിന്നുള്ള സാഞ്ചസ്സ് മൂരിയാസ് ആണ്. വയനാട് സ്വദേശി ഷഫീഖ് ഹസന്‍ ആണ് അസിസ്റ്റന്റ് പരിശീലകന്‍. കാസര്‍കോട് സ്വദേശി ഷാസിന്‍ ചന്ദ്രനാണ് ഗോള്‍കീപ്പര്‍ കോച്ച്.
സ്‌പെയിനില്‍ നിന്നുള്ള അഡ്രിയാന്‍ സാര്‍ഡിനെറൊ, അല്‍വാരോ അല്‍വാര ഫെര്‍ണാണ്ടസ്, അസിയര്‍ ഗോമസ് അല്‍വാരസ്, എലോയ് ഓര്‍ഡോണസ് മൂനിസ്, കാമറൂണില്‍ നിന്നുള്ള ഏണസ്റ്റന്‍ റൂബീസ് ലാവ് സാംബ എന്നിവരും കോച്ചും ഉള്‍പ്പെടെ ടീമിലെ ഏഴു പേര്‍ വിദേശ താരങ്ങളാണ്.

ഇവരെ കൂടാതെ ഗോവയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ താരം ആദില്‍ അഹമ്മദ് ഖാന്‍, ഐ ലീഗ് താരം മലപ്പുറത്തു നിന്നുള്ള പി എ അജ്മല്‍, മലപ്പുറത്തു നിന്നുള്ള സന്തോഷ് ട്രോഫി താരം അക്ബര്‍ സിദ്ധീഖ് തുടങ്ങിയവരും ടീമിലുണ്ടെന്ന് മിബു ജോസ് നെറ്റിക്കാടന്‍ പറഞ്ഞു.

കേരളത്തില്‍ പുതിയൊരു ഫുട്ബാള്‍ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്ന സൂപ്പര്‍ ലീഗ് കേരള ലക്ഷ്യമിടുന്നത് അടിത്തട്ടിലുള്ള വളര്‍ച്ചയാണ്. ഈ സീസണ്‍ കഴിഞ്ഞാലുടന്‍ ആറു ക്ലബ്ബുകളും അക്കാദമികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. വിവിധ പ്രായവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്കും. സംസ്ഥാനത്തെ മറ്റു ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കും. വിദേശത്തുള്ള മാതൃക പോലെ നല്ലകളി പുറത്തെടുക്കുന്നവര്‍ക്ക് 11 -ാം വയസ്സില്‍ പ്രൊഫഷനല്‍ കരാര്‍ നല്‍കും. കളിക്കാരെ പൂര്‍ണ്ണമായും പ്രൊഫഷനലാക്കുകയാണ് പ്രധാന ലക്ഷ്യം. മികച്ച പ്രതിഫലം അവര്‍ക്ക് ലഭിക്കും.

കഴിവ് തെളിയിക്കുന്നവര്‍ക്ക് പ്രഗത്ഭ വിദേശ താരങ്ങള്‍ക്കൊപ്പം മത്സരിക്കാനുള്ള അവസരം ലഭ്യമാക്കും. വിദേശ പരിശീലകരുടെ സേവനം ലഭിക്കും. ദേശീയ, രാജ്യാന്തര ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ അവസരം. വിദേശ ലീഗുകളിലും കളിക്കാം.

ഒരിടവേളയ്ക് ശേഷം സ്റ്റേഡിയങ്ങളിലേക്ക് ആരാധകര്‍ മടങ്ങിയെത്തുകയാണ്.
നാലു വേദികളിലായി ഇതുവരെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ കളി കണ്ടു.

കേരളം ഈ ഫുട്‌ബോള്‍ അനുഭവം ഏറ്റെടുത്തതില്‍ ലീഗിന് ചുക്കാന്‍ പിടിക്കുന്ന കേരള ഫുട്‌ബോള്‍ അസോസിയേഷനും (കെ എഫ് എ) വലിയ സന്തോഷത്തിലാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കേരളത്തിന്റെ സൂപ്പര്‍ ലീഗ് മാതൃക പിന്തുടരാനുള്ള പാതയിലാണ്. ഇത് ഈരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

‘വിദേശരാജ്യങ്ങളിലെ കളികള്‍ കാണുമ്പോഴൊക്കെ തോന്നിയ ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള തുടക്കമാണ് എന്നെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ വോറിയേഴ്‌സ് എന്ന്’
ഏറെ നാളത്തെ വളരെ ശ്രമകരമായ ഒരുക്കങ്ങളും വലിയ തോതിലുള്ള മുതല്‍ മുടക്കും നടത്തിയ സംരംഭത്തിന്റെ ഉടമകളിലൊരാളുമായ മിബു ജോസ് പറഞ്ഞു.

ഫുട്‌ബോള്‍ കളിയെ അത്രയേറെ സ്‌നേഹിക്കുന്ന മിബു ജോസ് കുട്ടിക്കാലം മുതല്‍ തന്നെ തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയും ആരാധകനുമായിരുന്നു.

നവംബര്‍ 10ന് കൊച്ചി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ക്ലബ്ബിന് ഒരു കോടി രൂപയാണ് പ്രൈസ് മണി ലഭിക്കുക. കൂടാതെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത കൂറ്റന്‍ സ്വര്‍ണ്ണ കപ്പും ലഭിക്കും. റണ്ണര്‍ അപ്പിന് 50 ലക്ഷം രൂപയും വെള്ളിക്കപ്പും ലഭിക്കും.

‘ഫൈനലില്‍ കണ്ണുര്‍ വോറിയേഴ്‌സ് വിജയക്കൊടി പാറിക്കുമെന്നും ഞങ്ങള്‍ സ്വര്‍ണ്ണകപ്പില്‍ മുത്തമിടുമെന്നും’ തികഞ്ഞ ആത്മവിശ്വാസത്തോടെ മിബു ജോസ് നെറ്റികാടന്‍ തന്റെ അഭിമുഖത്തില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!