
ഇടപ്പള്ളി: പൊതുവിദ്യാലയങ്ങള്‍ ഇന്ന് വെറും പഠനകേന്ദ്രങ്ങളല്ലെന്നും സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും പാഠശാലകളാണെന്നും ഹാരിസ് ബീരാന്‍ എം പി പറഞ്ഞു. ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഓരോ പ്രവേശനോത്സവവും ഒരു വിദ്യാലയത്തിന്റെ ആഘോഷം മാത്രമല്ല, അറിവിന്റെയും പ്രതീക്ഷകളുടെയും പുതിയൊരു യാത്രയുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലാണെന്ന സത്യം ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് പ്രവേശനോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ നിന്ന് വളര്‍ന്നുവരുന്ന ഓരോ കുട്ടിയും നാളെയുടെ ഉത്തരവാദിത്തമുള്ള പൗരനാണെന്നും അറിവും മൂല്യബോധവും മാനവികതയും ഒരുപോലെ പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസമാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനും അധ്യാപകരും രക്ഷിതാക്കളും സമൂഹവും കൈകോര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാര്‍ഡ് കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം സജീവ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.
മുഹമ്മദ് ഹസ്രത്ത്, മുഹമ്മദ് പി എ, ജയകുമാര്‍ വി, റഹ്മബീഗം, ബിജിമോള്‍, റോഷ്‌നി എ ആര്‍, രാമചന്ദ്രന്‍ പി എച്ച്, സുധ കുന്നുംപുറം, മാഹിന്‍ ബാഖവി, നവീന്‍ പുതുശേരി, സന്ധ്യ കെ വി, സീന പെരേര, അബ്ദുല്‍ ജലീല്‍ പി എ, ഗിരീഷ് ചന്ദ്രന്‍ കെ ആര്‍, എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

