

തിരുവനന്തപുരം: അമേരിക്കയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന രാജ്യാന്തര കുറ്റവാളി കേരള പൊലീസിന്റെ വലയില്‍. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകന്‍ കൂടിയായ ലിത്വാനിയന്‍ പൗരന്‍ അലക്സേജ് ബെസിയോകോവ് (46) ആണ് വര്‍ക്കലയില്‍ പിടിയിലായത്.

ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയാണ് അലക്‌സേജ്. ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം.

യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസാണ് (ഡി ഒ ജി) അലക്സേജ് ബെസിയോകോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ യു എ ഇയില്‍ ഉണ്ടെന്നാണ് സൂചന.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോംസ്റ്റേയില്‍നിന്നാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയില്‍ നിന്നും മടങ്ങാന്‍ പദ്ധതിയിട്ടിരുന്ന ഇയാളെ സി ബി ഐയുടെ ഇന്റര്‍പോള്‍ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യു എസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസില്‍ ഇടപെട്ടിരുന്നു.
ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍, സിബിഐ, കേരള പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കം അലക്‌സേജിന്റെ അറസ്റ്റില്‍ കലാശിക്കുകയായിരുന്നു. ഇയാളെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് യു എസിനു കൈമാറിയേക്കും.
ഹാക്കിങ്, ഭീകരത, ലഹരിക്കടത്ത് എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്കു സൗകര്യമൊരുക്കിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് ഗാരന്റക്‌സ് കോടിക്കണക്കിനു ഡോളറാണു വരുമാനമുണ്ടാക്കിയത്.
ഗാരന്റക്സിന്റെ 26 ദശലക്ഷം ഡോളറിലധികം ഫണ്ടുകള്‍ യു എസ് ഏജന്‍സികള്‍ മരവിപ്പിച്ചിട്ടുണ്ട്. പരമാവധി 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിലവില്‍ ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

