2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷം ടണ്ണിലേറെ ചരക്ക് കൈകാര്യം ചെയ്ത് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ

Web Desk
2 Min Read

ദോഹ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും നിലനിന്ന സാഹചര്യത്തിലും ശക്തമായ കാര്‍ഗോ പ്രവര്‍ത്തനങ്ങളുടെ പിന്തുണയോടെ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1.94 ബില്യണ്‍ ഡോളറിന്റെ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തി.

city exchange

ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷം ടണ്ണിലധികം ചരക്കുകള്‍ കൈകാര്യം ചെയ്തു. ഇതില്‍ 14.3 ലക്ഷം ടണ്ണിലധികം ചാര്‍ജബിള്‍ ഫ്രെയ്റ്റും ഉള്‍പ്പെടുന്നു. ആഗോള വ്യോമ ചരക്ക് ഗതാഗത വിപണിയുടെ 12 ശതമാനം വിഹിതം ഈ കാലയളവില്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ സ്വന്തമാക്കി.

2025-26 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഗോ വരുമാനം 4.45 ബില്യണ്‍ ഡോളറായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ഇത് 4.92 ബില്യണ്‍ ഡോളറായിരുന്നു. ആഗോള വിതരണ ശൃംഖലകള്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും സാമ്പത്തിക സമ്മര്‍ദങ്ങളുടെയും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും കാര്‍ഗോ വിഭാഗം കമ്പനിയുടെ പ്രവര്‍ത്തന മികവില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.

160-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ശൃംഖല നിലനിര്‍ത്തിയ ഖത്തര്‍ എയര്‍വേയ്സ്, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കാര്‍ഗോ ഹബ്ബായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടര്‍ന്നത്.

- Advertisement -
Ad image

ഒരു സാമ്പത്തിക വര്‍ഷം തന്നെ ഒരു സ്ഥാപനത്തിന്റെ നേട്ടങ്ങളുടെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുടെയും പരമാവധി പരീക്ഷണമായി മാറുന്നത് അപൂര്‍വമാണെന്നും 2025-26 സാമ്പത്തിക വര്‍ഷം അത്തരത്തിലൊന്നായിരുന്നുവെന്നും എല്ലാ വെല്ലുവിളികളെയും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് വിജയകരമായി നേരിട്ടതായും ശക്തമായ സാമ്പത്തിക അടിത്തറ, വ്യവസായ രംഗത്തെ മുന്‍നിര പ്രവര്‍ത്തന മികവ്, ദൃഢമായ പങ്കാളിത്തങ്ങള്‍, കഠിന സാഹചര്യങ്ങളിലും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയ ജീവനക്കാര്‍ എന്നിവയുടെ ഫലമായി നേട്ടമുണ്ടാക്കിയതായും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹമദ് അല്‍-ഖാതര്‍ പറഞ്ഞു.

യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗത ആവശ്യകത അന്താരാഷ്ട്ര വിപണികളില്‍ വര്‍ധിച്ചുവരുന്നതിനാല്‍ ആഗോള സര്‍വീസ് ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാനും ശൃംഖലാ ശേഷി കൂടുതല്‍ ശക്തിപ്പെടുത്താനും ഗ്രൂപ്പ് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ദീര്‍ഘകാല വികസന പദ്ധതികളുടെ ഭാഗമായി, 210 വിമാനങ്ങളും 400 എഞ്ചിനുകളും വരെ വാങ്ങുന്നതിനായി ബോയിംഗുമായും ജിഇ എയറോസ്‌പേസുമായും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് കരാറുകളില്‍ ഒപ്പുവെച്ചു. ഭാവിയില്‍ യാത്രക്കാരുടെയും കാര്‍ഗോയുടെയും ശേഷി വര്‍ധിപ്പിക്കുന്നതിന് ഈ കരാറുകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Share This Article
Leave a Comment
error: Content is protected !!