

ദോഹ: ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ജൂലൈ ആറിന് പുന:രാരംഭിക്കും. വേനല്‍ക്കാലത്ത് എല്ലാ ദിവസവും സര്‍വീസുണ്ടാകും.

254 സീറ്റുകളുള്ള ബോയിംഗ് 787-8 ആണ് ബര്‍മിംഗ്ഹാമിലേക്ക് പറക്കുക. 22 ബിസിനസ് ക്ലാസും 232 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് വിമാനത്തിന്റെ ശേഷി. ജൂലൈ ഒന്‍പതിന് സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിയില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയത്താണ് വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത്.

യു കെയുടെ 90 ശതമാനം പ്രദേശത്തു നിന്നും നാല് മണിക്കൂറിനുള്ളില്‍ എത്തിച്ചേരാവുന്ന കേന്ദ്രത്തിലാണ് ബര്‍മിംഗ്ഹാം നഗരം സ്ഥിതിചെയ്യുന്നത്. കൂടാതെ സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ആരാധകര്‍ക്ക് പുതിയ ഖത്തര്‍ എയര്‍വേയ്സ് റൂട്ട് പ്രയോജനപ്പെടുത്തി റേസിംഗ് ആഘോഷങ്ങളില്‍ പങ്കെടുക്കാം.
ഫോര്‍മുല 1ന്റെ ആഗോള പങ്കാളിയും ഔദ്യോഗിക എയര്‍ലൈനുമായ ഖത്തര്‍ എയര്‍വേയ്സ് അള്‍ട്ടിമേറ്റ് എഫ്1 എക്സ്‌ക്ലൂസീവ് ഓണ്‍-ട്രാക്ക് ആക്റ്റിവിറ്റികള്‍ ആസ്വദിക്കുന്നതിന് യാത്രാ പാക്കേജുകള്‍ ആരാധകര്‍ക്ക് നല്‍കുന്നതില്‍ സന്തുഷ്ടരാണെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.

