ബാവുല്‍ സംഗീതത്തില്‍ ലയിച്ച് ഖത്തര്‍ മലയാളിക്കൂട്ടം

Web Desk
1 Min Read

ദോഹ: ആസ്വാദകരെ വിസ്മയിപ്പിച്ച് ശാന്തിപ്രിയയുടെ ബാവുല്‍ സംഗീതം. അടയാളം ഖത്തര്‍ സംഘടിപ്പിച്ച ‘ഏക്താര’ ബാവുല്‍ സംഗീതം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അല്‍ ഖമര്‍ ഹാളിലാണ് അരങ്ങേറിയത്. തിങ്ങിനിറഞ്ഞ സദസ്സിന് ബാവുല്‍ സംഗീതം പുതിയ അനുഭവമായി.

city exchange

കബീറിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും അക്കാ മഹാദേവിയുടെയും ബസവണ്ണയുടെയും ശ്രീ നാരായണ ഗുരുവിന്റെയും വരികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ ഗാനങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് ശാന്തി പ്രിയ സംഗീത ആസ്വാദകരെ തന്റെ ബാവുലിലൂടെ വിസ്മയിപ്പിച്ചത്.

ബംഗാളി സാരിയില്‍ ബംഗാളി വനിതകളുടെ പ്ലാസ്റ്റിക് വളകളണിഞ്ഞ് ഒരുതന്തി വാദ്യവും ഒരു താളവാദ്യവും ഉപയോഗിച്ച് ബംഗാളി, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് ശാന്തിപ്രിയ പാട്ടുകളുമായെത്തിയത്. പാട്ടിന് ചിലങ്ക അകമ്പടിയായി.

പാട്ടുകള്‍ക്ക് ശേഷം ശാന്തി പ്രിയ സദസ്സുമായി സംവദിച്ചു. തന്‍സീം കുറ്റ്യാടി മോഡറേറ്ററായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബാവുല്‍ സംഗീതജ്ഞ പാര്‍വതി ബാവുലിന്റെ ശിഷ്യയാണ് ശാന്തി പ്രിയ. വയനാട്ടിലെ കനവിന്റെ അന്തരിച്ച എഴുത്തുകാരനായ കെ ജെ ബേബിയുടെയും ഷേര്‍ളി ടീച്ചറുടെയും മകളായ ശാന്തി പ്രിയ കനവിലെ വിദ്യാര്‍ഥിനിയായിരുന്നു.

- Advertisement -
Ad image

ഔദ്യോഗിക ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ സജി മാര്‍ക്കൊസ്, ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, പ്രോഗ്രാം കോഡിനേറ്റര്‍ പ്രദോഷ് കുമാര്‍, അടയാളം പ്രസിഡന്റ് അരുണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറി ഷംന ആസ്മി, എക്സിക്യൂട്ടീവ് അംഗം നവാസ് മുക്രിയത്ത്, വൈസ് പ്രസിഡന്റ് അന്‍സാര്‍
അരിബ്ര, എക്സിക്യൂട്ടീവ് അംഗം മുര്‍ഷിദ് മുഹമ്മദ്, പ്രോഗ്രാം കണ്‍വീനര്‍ നിമിഷ നിഷാദ്, റേഡിയോ മലയാളം ആര്‍ ജെ രതീഷ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!