ഗ്രീഷ്മത്തില്‍ വസന്തം വിരിയിക്കാന്‍ വിവിധ പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
2 Min Read

ദോഹ: കുട്ടികളേയും യുവാക്കളേയും ഗവേഷങ്ങളില്‍ താത്പര്യമുള്ളവരേയും ആകര്‍ഷിക്കാന്‍ വ്യത്യസ്ത സമ്മര്‍ പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി.ത വെര്‍ച്വല്‍ സമ്മര്‍ ക്യാംപ്, ഫലസ്തീന്‍ കഥകള്‍, ജറുസലേമിലേക്ക് യാത്ര തുടങ്ങിയവയാണ് ജൂലൈ മാസത്തില്‍ നടത്തുന്ന പ്രധാന പരിപാടികള്‍.
ജൂലൈ മൂന്നിനാണ് രണ്ടാമത് വെര്‍ച്വല്‍ യംഗ് അഡല്‍ട്ട്‌സ് സമ്മര്‍ ക്യാമ്പിന് തുടക്കമാകുക. യുവാക്കള്‍ക്ക് വെബ് ഡവലപിംഗിന്റെ അടിസ്ഥാന പാഠങ്ങള്‍ ജൂലൈ മൂന്നിനും വ്യക്തിഗത ഡയറി എങ്ങനെ എഴുതാമെന്ന് ജൂലൈ അഞ്ചിനും പെന്‍സില്‍ ഡ്രോയിംഗിന്റെ അടിസ്ഥാന പാഠങ്ങള്‍ ജൂലൈ ഏഴിനും ജ്യോമട്രി ദിനാചരണം ജൂലൈ 10നും കഥ പറയലിന്റെ കല ജൂലൈ 12നും പഴയ ടി ഷര്‍ട്ടുകള്‍ ഉപയോഗിച്ച് സ്വന്തമായി ബാഗ് നിര്‍മിക്കാം ജൂലൈ 14നും അരങ്ങേറും.

city exchange


ലൈബ്രറിയിലെ ഓപ്പണ്‍ ആക്‌സസ് അഡ്മിനിസ്‌ട്രേറ്റര്‍ സാറാ അബുസാദ ജൂലൈ അഞ്ചിന് നടത്തുന്ന സെമിനാറില്‍ ഓപ്പണ്‍ ആക്‌സസ് ഓതര്‍ ഫണ്ടിനെ പരിചയപ്പെടുത്തുകയും ഓപ്പണ്‍ ആക്‌സസ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഖത്തറിലെ എഴുത്തുകാര്‍ക്ക് പ്രയോജനം ലഭിക്കാനുള്ള വഴികള്‍ പങ്കുവെക്കുകയും ചെയ്യും. ഖത്തറിലെ ഗവേഷകര്‍ക്ക് ഖത്തര്‍ നാഷണല്‍ ലൈബ്രറി നല്കുന്ന സേവനങ്ങളെ കുറിച്ചും സെഷനില്‍ പ്രതിപാദിക്കും.
തുടര്‍ പരിപാടിയായ കപ്പ് ഓഫ് കോഫിയുടെ ഭാഗമായി ശരീരഭാഷാ വിദഗ്ധരും ദ വേള്‍ഡ് ഓഫ് ബോഡി ലാംഗ്വേജ് എന്ന പുസ്തകത്തിന്റെ രചയിതാക്കളുമായ സാറയും ഹജര്‍ അല്‍ ഹാജരിയും സ്വയം പ്രകടിപ്പിക്കാന്‍ ശരീരഭാഷ ഉപയോഗിക്കാനുള്ള വിവിധ വഴികളെ കുറിച്ച് ചര്‍ച്ച ചെയ്യും.
ഇസ്‌ലാമിക് വേള്‍ഡ് 2021ലെ ദോഹ ക്യാപിറ്റല്‍ ഓഫ് കള്‍ച്ചറിന്റെ ഭാഗമായി പുസ്തക സംരക്ഷണ വിദഗ്ധന്‍ മാക്‌സിം നസ്ര ജൂലൈ ആറിന് ശാസ്ത്രീയവും നാശരഹിതവുമായി പുസ്തകം സംരക്ഷിക്കുന്നതിന് ഉപയുക്തമായ സ്‌പെക്ട്രോസ്‌കോപിക് സാങ്കേതികതകളെ കുറിച്ച് പ്രഭാഷണം നടത്തും. പൈതൃക വസ്തുക്കളുടേയും ഇസ്‌ലാമിക പൈതൃകങ്ങളുടേയും സംരക്ഷണത്തിന് സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യക്തമാക്കുന്ന പ്രായോഗിക ഉദാഹരണങ്ങളും പ്രഭാഷണത്തില്‍ ഉള്‍പ്പെടും.
ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ മാസത്തിലുടനീളം ഈദ് സ്‌റ്റോറി ടൈം സെഷനുകളുണ്ടാകും. ജൂലൈ 18ന് നബീലിന്റെ പുതിയ പാന്റുകള്‍ എന്ന രസകരമായ കഥയാണ് അവതരിപ്പിക്കുക. ഈദിനുവേണ്ടി പുതിയ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നതിനെ കുറിച്ചാണ് കഥ. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രസകരമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറും.
ഓണ്‍ലൈന്‍ ഐഡന്റിറ്റിയും അക്കൗണ്ടുകളും സൈബര്‍ ഭീഷണിയില്‍ നിന്നും പരിരക്ഷിക്കുന്നതിനെ കുറിച്ചുള്ള മാര്‍ഗ്ഗങ്ങളുമായി ബോധവത്ക്കരണ പരിപാടി ജൂലൈ 19ന് അടിസ്ഥാന ഓണ്‍ലൈന്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്ന പ്രത്യേക സെഷന്‍ നടക്കും.
ജൂലൈ 27ന് ഫലസ്തീനെ കുറിച്ച് പ്രത്യേക പരിപാടി അരങ്ങേറും. ഫലസ്തീനെ കുറിച്ചെഴുതിയ സുപ്രധാന സാഹിത്യങ്ങള്‍, നോവലുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാനും ഫലസ്തീനെ കുറിച്ചും ഫലസ്തീനുമായി ബന്ധപ്പെട്ട എഴുത്തുകാരെ കുറിച്ചും പരിപാടി വെളിച്ചം വീശും.
ഫലസ്തീനിന്റെ ചരിത്രവും സംസ്‌ക്കാരവും കലാപ്രാധാന്യവും വിവരിക്കുന്ന ജറുസലേമിക്കൊരു യാത്ര ജൂലൈ 28ന് നടക്കും.
പരിപാടികളുടെ പൂര്‍ണമായ വിവരങ്ങള്‍ക്ക് ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ www.qnl.qa/en/evenst എന്ന വെബ്‌സൈറ്റ് പേജ് സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!