
ദോഹ: യുവ പണ്ഡിതനും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജാഫര്‍ അലി ദാരിമിയുടെ നിര്യാണത്തില്‍ ഖത്തര്‍ പി സി എഫ് അനുശോചനം അറിയിച്ചു.

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന് മഅ്ദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. മഅ്ദനി മോചന ശ്രമങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവ് കൂടിയാണ് അന്തരിച്ചത്.

നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികള്‍ ഇമാമായും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ നിയമ സഹായ സമിതിയുമായിബന്ധപ്പെട്ടും അല്ലാതെയും ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ട്
സാധാരണ പ്രവര്‍ത്തകരുമായും നേതാക്കളുമായി ഒരു പോലെ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ദാരിമി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഏതുകാര്യത്തിനും മുന്‍തൂക്കം നല്‍കി പൂര്‍ണ്ണതയിലെത്തിക്കാന്‍ മുമ്പിലുണ്ടായിരുന്ന നേതാവായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. പിന്നാക്ക ദലിത് മുസ്ലിം രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഖത്തര്‍ പി സി എഫ് നാഷണല്‍ കമ്മിറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.

