

ദോഹ: ഗാസ മുനമ്പിലെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയതായി ഹമാസ് മധ്യസ്ഥരെ അറിയിച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍-അന്‍സാരി സ്ഥിരീകരിച്ചു.

ഗാസയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല സാധ്യതയാണ് ഈ നിര്‍ദ്ദേശമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇസ്രായേലിന്റെ സൈനികമായ വര്‍ധനവും പദ്ധതികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രത്യേകമായും ഇത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര മാധ്യമ സമ്മേളനത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു കരാറിലേക്കുള്ള പാത പുതിയ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നതായി ഡോ. അല്‍-അന്‍സാരി പറഞ്ഞു.
ഇതില്‍ 60 ദിവസത്തെ താത്ക്കാലിക വെടിനിര്‍ത്തലാണ് ഉള്‍പ്പെടുന്നത്. ഈ സമയത്ത് നിരവധി തടവുകാരെയും ബന്ദികളെയും കൈമാറും. കരാറില്‍ പറഞ്ഞിരിക്കുന്നതുപോലെ മാനുഷിക സഹായം വിതരണം കൂടുതല്‍ ശക്തമാക്കും.
ഹമാസിന്റെ പ്രതികരണം ‘വളരെ ഗുണപരമായിരുന്നു’ എന്നും ഇസ്രായേല്‍ പക്ഷം മുമ്പ് സമ്മതിച്ച കാര്യങ്ങളുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും മധ്യസ്ഥത ഇപ്പോഴും ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേഖല നിര്‍ണായക മാനുഷിക നിമിഷത്തിലാണെന്നും ഇപ്പോള്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ അഭൂതപൂര്‍വമായ മാനുഷിക ദുരന്തത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈജിപ്ത്, അമേരിക്ക, മറ്റ് അന്താരാഷ്ട്ര കക്ഷികള്‍ എന്നിവരുമായി സഹകരിച്ച് വെടിനിര്‍ത്തലിനും മാനുഷിക സഹായത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഭാഗത്തു നിന്നും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണം വേഗത്തിലും ഗുണപരമായും ആയിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു, ഇസ്രായേല്‍ മുമ്പ് അംഗീകരിച്ചതിന്റെ 98 ശതമാനവും ഹമാസ് സമ്മതിച്ച നിലവിലെ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. മധ്യസ്ഥത ഇപ്പോഴും പ്രതികരണ കൈമാറ്റ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും തമ്മില്‍ കരാറിലെത്തിയാല്‍ നടപ്പാക്കല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാങ്കേതിക ഘട്ടം ആരംഭിക്കും.
പ്രതീക്ഷിക്കുന്ന കരാര്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സ്‌പോണ്‍സര്‍ഷിപ്പിലും ഗ്യാരണ്ടിയിലും ആയിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എങ്കിലും മുന്‍ അനുഭവങ്ങള്‍ കാണിക്കുന്നത് യഥാര്‍ഥ ഉറപ്പ് ഇരു കക്ഷികളുടെയും പ്രതിബദ്ധതയാണെന്നാണ്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി യു എസ് പ്രതിനിധിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡോ. അല്‍-അന്‍സാരി ചൂണ്ടിക്കാട്ടി.

