

ദോഹ: സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ശരിയായ നടപടിയെന്ന് വിശേഷിപ്പിച്ചു. സി എന്‍ എന്നിന്റെ ബെക്കി ആന്‍ഡേഴ്സണുമായുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി അഭിപ്രായം പങ്കുവെച്ചത്.

ബഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിന്റെ പതനത്തിനും പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുടെ കീഴില്‍ പുതിയ സിറിയന്‍ നേതൃത്വത്തിന്റെ ഉദയത്തിനും ശേഷം ചൊവ്വാഴ്ച ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി സംഘടിപ്പിച്ച ഒരു അത്താഴത്തിന് ശേഷമാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.

ആന്‍ഡേഴ്സണുമായി സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞത് ഉപരോധം പിന്‍വലിക്കല്‍, മുന്നോട്ട് പോകുന്നതിനുള്ള ശരിയായ നടപടിയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ്. തങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത് അവരുമായി ഇടപഴകാന്‍ തുടങ്ങുക, അവര്‍ ശരിയായ കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്ന് കാണാന്‍ തുടങ്ങുക, തുടര്‍ന്ന് അവരെ പിന്തുണയ്ക്കുക എന്നതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
