

ദോഹ: ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുസ്ഥിരവും മികച്ചതുമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചുകൊണ്ട് ഖത്തര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് കാര്‍ഷിക വിപണി 2028ഓടെ 200 മില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ.

ഖത്തറിലെ ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് ഫാത്തിമ ഗസ്സന്‍ അലബ്തയാണ് ഖത്തറിലെ കാര്‍ഷിക വിപണിയിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

‘പുനരുപയോഗിക്കാവുന്ന പ്ലാന്റ് റിസോഴ്സില്‍ നിന്നുള്ള എന്‍ജിനീയറിങ് ആപ്ലിക്കേഷനുകള്‍ക്കുള്ള സുസ്ഥിര ജൈവ സംയുക്തങ്ങള്‍: ഖത്തറിലെ അവസരങ്ങളും വെല്ലുവിളികളും’ എന്ന സെഷനെ അഭിസംബോധന ചെയ്യവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഖത്തറിന്റെ കാലാവസ്ഥ കുറഞ്ഞ മഴയും ഉയര്‍ന്ന താപനിലയുമായതിനാല്‍ അത് വെല്ലുവിളിയാണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുസ്ഥിരവും മികച്ചതുമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചു ഭക്ഷ്യസുരക്ഷയും സ്വാശ്രയവും കൈവരിക്കുന്നതിന് രാജ്യം പരിശ്രമം നടത്തിയതായും അവര്‍ പറഞ്ഞു.
പ്രാദേശിക പച്ചക്കറി ഉത്പാാദനം ഏകദേശം 66,000 മെട്രിക് ടണ്ണില്‍ നിന്ന് 103,000 മെട്രിക് ടണ്ണായി വര്‍ധിച്ചതിനാല്‍ 2021-ല്‍ ഖത്തര്‍ ഭക്ഷ്യസുരക്ഷാ നയത്തിന്റെ പല ലക്ഷ്യങ്ങളും കൈവരിച്ചു. 2028-ല്‍ 209.97 മില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മുതല്‍ 2028 വരെ 4.87 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക വളര്‍ച്ചയുടെ ഫലമായി, ജൈവമാലിന്യത്തില്‍ ചോളം തൊണ്ട് പോലുള്ള വിള അവശിഷ്ടങ്ങളും തണ്ടും ഇലയും പോലുള്ള കാര്‍ഷിക അവശിഷ്ടങ്ങളും ഉള്‍പ്പെടുന്നിടത്ത് കാര്‍ഷിക, ജൈവമാലിന്യ ഉത്പാദനം വര്‍ധിച്ചതായി വിദഗ്ധന്‍ വിശദീകരിച്ചു.

